മഞ്ചേരി: പിഞ്ചു മക്കളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ മാതാവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൽപ്പകഞ്ചേരി പുത്തനത്താണി ചേറൂരാൽപറന്പ് പന്തൽപറന്പിൽ റഫീഖിന്റെ ഭാര്യയും മൊയ്തുട്ടിയുടെ മകളുമായ ആയിഷ(43)യെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്.
കേസിലെ രണ്ടാം പ്രതിയും ആയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവർ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി (35)യെ കുറ്റക്കാരനല്ലെന്നു കണ്ടു കോടതി ഇക്കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 2013 ഡിസംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം.
ആയിഷയുടെ ഭർത്താവ് റഫീഖ് വിദേശത്തായിരുന്നു. ഈ സമയം മൊബൈൽ ഫോണിലൂടെ ഷാഫിയുമായി ആയിഷ ബന്ധം സ്ഥാപിക്കുകയും ഇതു പ്രണയത്തിനു വഴിമാറുകയുമായിരുന്നു.
ഇരുവർക്കും ഒരുമിച്ച് ജീവിക്കുന്നതിനു കുട്ടികൾ തടസമാണെന്നു തോന്നിയതാണ് കൊലപാതകത്തിനു കാരണം. സംഭവ ദിവസം രാവിലെ 6.30നും ഏഴിനും ഇടയിൽ മക്കളായ മുഹമ്മദ് ഷിബിൻ (ഒന്പത്), ഫാത്തിമ റഫീദ (ഏഴ്) എന്നിവരെ മദ്രസയിലേക്കു കൊണ്ടു പോവുകയായിരുന്നു ആയിഷ.
പോകുന്ന വഴിയിലുള്ള ആഴമേറിയ കുളത്തിലേക്കു കുട്ടികളെ തള്ളിയിട്ട ശേഷം ആയിഷ കാമുകനെ സമീപിച്ചു. എന്നാൽ കൊലപാതക വിവരം കേട്ട കാമുകൻ ഭയന്നു പിൻമാറിയതോടെ വീട്ടിൽ തിരിച്ചെത്തിയ ആയിഷ കൈയിലെ ഞരന്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരണപ്പെട്ടില്ല.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു 25 സാക്ഷികളെ കോടതി മുന്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി.