നായകനും വില്ലനുമില്ലാത്ത സിനിമ… “അയ്യപ്പനും കോശിയും’ എന്ന ചിത്രത്തെക്കുറിച്ച് പൃഥ്വിരാജിന്റെ നിർവചനമാണ്. രണ്ട് വ്യക്തികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.
ചിത്രം കണ്ടാൽ എല്ലാവരും ഓർത്തിരിക്കുന്ന, എന്നാല്‍ പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്ത മറ്റൊരു മുഖമുണ്ട്. കോശിയുടെ സന്തതസഹചാരിയും ഡ്രൈവറുമായ കുമാരന്. സിനിമ കഴിഞ്ഞാൽ കുമാരനാരാണെന്ന് അന്വേഷിക്കുക സ്വാഭാവികം.
കുമാരൻ കോട്ടയംകാരനാണ്
കോട്ടയം രമേശ്… ഒരു സുപ്രഭാതത്തിൽ സിനിമയുടെ വെള്ളിവെളിച്ചത്തിൽ കടന്നുകൂടിയ നടനല്ല രമേശ്. പതിറ്റാണ്ടുകൾ നാടകത്തിനൊപ്പം ജീവിച്ച നടനാണ്.
ഉപ്പും മുളകും എന്ന സീരിയലാണ് രമേശിന് സിനിമക്കാർക്കിടയിൽ മേൽവിലാസം ഉണ്ടാക്കിയത്. അയ്യപ്പനും കോശിയും രമേശന്റെ മലയാള സിനിമയിലെ സാന്നിധ്യം അരക്കിട്ടുറപ്പിക്കും.
നാലരപ്പതിറ്റാണ്ടിന്റെ നാടക പരിചയം
നാടകത്തില്‍ 45 വര്‍ഷങ്ങള്‍ അടവ് പയറ്റിത്തെളിഞ്ഞ ശേഷമാണ് രമേശ് സിനിമയിലേക്ക് കാലെടുത്തുവച്ചത്. മഹാരഥന്മാരായ തിലകൻ, എന്‍.എന്‍. പിള്ള, ജഗതി എൻ.കെ. ആചാരി, ജഗതി ശ്രീകുമാർ എന്നിവർക്കൊപ്പവും പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് കരുത്തായുണ്ട്.
മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ നാടകങ്ങളില്‍ പ്രധാന നടനായിരുന്നു. ഇതിനൊക്കെ പുറമേ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി.
അയ്യപ്പനും കോശിയും ആദ്യ സിനിമയല്ല
കാര്‍ബണ്‍, വാരിക്കുഴിയിലെ കൊലപാതകം, വൈറസ് തുടങ്ങി വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ രമേശ് മുഖംകാണിച്ചിട്ടുണ്ട്. എന്നാൽ കാഴ്ചക്കാർ ശ്രദ്ധിക്കുന്ന പ്രേക്ഷകർക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്ന ഒരു വേഷം നൽകിയത് സംവിധായകൻ സച്ചിയാണ്. ഉപ്പും മുളകും കണ്ടാണ് സച്ചി കോശിയുടെ ഡ്രൈവറാകാൻ ക്ഷണിച്ചത്.
പുതിയ അവസരങ്ങൾ
സിനിമ കണ്ട് പരിചയക്കാരൊക്കെ വിളിച്ച് അഭിനന്ദനം അറിയിച്ചു. സംവിധായകൻ സച്ചിയെ വിളിച്ച് രമേശിനെക്കുറിച്ച് അന്വേഷിച്ചവരുമുണ്ട്. പുതിയ ചില അവസരങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിലും പറയാറായിട്ടില്ല. തിരുവഞ്ചൂരാണ് സ്വദേശം. ഭാര്യയും നാല് മക്കളുമുണ്ട്.
അരുൺ ജോളി