കോട്ടയം: വാടകയ്ക്കെടുക്കുന്ന കാറുകൾ തമിഴ്നാട്ടിലെ തീവ്രവാദികൾക്കു മറിച്ചുവിൽക്കുന്ന രണ്ടു പേർ പോലീസ് പിടിയിൽ. തൃശൂർ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് (37), എറണാകുളം ആലുവ യുസി കോളജ് ചെറിയപറന്പിൽ കെ.എ. നിഷാദ് (37) എന്നിവരാണു കോട്ടയത്തു പിടിയിലായത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും 11 കാറുകളാണ് സംഘം വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലേക്കു കടത്തിയത്.
കോയന്പത്തൂർ സ്ഫോടനക്കേസിൽ 14 വർഷത്തോളം തടവുശിക്ഷ അനുഭവിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2018ൽ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ കോയന്പത്തൂർ കുനിയമ്മുത്തൂർ മുഹമ്മദ് റഫീഖിനാണ് (ഭായി റഫീഖ്, തൊപ്പി റഫീഖ്) സംഘം കാറുകൾ എത്തിച്ചുനൽകിയിരുന്നത്.
ഒഎൽഎക്സിലും വിവിധ വെബ് സൈറ്റിലും വിൽക്കാനും വാടകയ്ക്കുമായി കാറുകൾ നൽകുന്ന നന്പരിലേക്കു വിളിച്ചാണ് സംഘം വാടകയ്ക്കു കാറെടുക്കുന്നത്.
കാറെടുക്കുന്നതിനായി നിശ്ചിത തുക അഡ്വാൻസായി നൽകുകയും ചെയ്യും. കാറുമായി പോയതിനുശേഷം ഇവരുടെ നന്പരിൽ വിളിച്ചാൽ പ്രതികരണം ഉണ്ടാകില്ല.
ഇത്തരത്തിൽ കോടികളുടെ തട്ടിപ്പാണു പ്രതികൾ നടത്തിയിരിക്കുന്നത്. പ്രതികൾ വാടകയ്ക്കെടുത്ത് തട്ടിയെടുത്തതിൽ ഏറെയും ആഡംബരക്കാറുകളാണ്.
എറണാകുളത്തുനിന്ന് ബിഎംഡബ്ല്യുവും എർട്ടിഗയും കോഴിക്കോട് ടൗണിൽനിന്നും ഇന്നോവ ക്രിസ്റ്റയും തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് എർട്ടിഗ, എറണാകുളം മരടിൽനിന്ന് ബലേനോ, മലപ്പുറം അങ്ങാടിപ്പുറത്തുനിന്ന് എർട്ടിഗ, നെടുന്പാശേരിനിന്ന് ഇന്നോവ, കോട്ടയത്തുനിന്ന് ഇന്നോവ, വർക്കലയിൽനിന്ന് എക്സ്യുവി, തൃശൂർ മാളയിൽനിന്ന് ബുള്ളറ്റ്, കണ്ണൂരിൽനിന്ന് ഇന്നോവ എന്നിവയാണ് വാടകയ്ക്ക് എടുത്ത് സംഘം മറിച്ചുവിറ്റത്.
മാസങ്ങൾക്കു മുൻപ് കോട്ടയത്തുനിന്നും ഇന്നോവ ക്രിസ്റ്റ ഇത്തരത്തിൽ വാടകയ്ക്കെടുത്തു മറിച്ചു വിറ്റിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.
കാറുകൾ തട്ടിയെടുക്കാൻ ഓരോ തവണയും ഓരോ ഫോണ് നന്പരും സിമ്മുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഈ ഫോണ് നന്പരുകൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായി പോലീസ് നടത്തിയ അന്വേഷണത്തിലാണു കാറുകളുമായി പോയവരെ കണ്ടെത്തിയത്.
കേസിലെ പ്രതിയായ നിഷാദാണ് ഇല്യാസിനെ തീവ്രവാദക്കേസ് പ്രതിയായ റഫീഖിനു പരിചയപ്പെടുത്തിയത്. ഇല്യാസിനെതിരേ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ, വിയ്യൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തട്ടിപ്പ് കേസ് നിലവിലുണ്ട്.
മുക്കു പണ്ടം പണയംവച്ചു പണം തട്ടിയതിന് എറണാകുളം സെൻട്രൽ സ്റ്റേഷനിലും, മംഗലാപുരത്ത് കവർച്ചാ കേസും, തൃശൂർ ഈസ്റ്റിൽ മോഷണക്കേസും നിലവിലുണ്ട്. പത്ത് വർഷത്തോളം ഇയാൾ വിദേശത്തായിരുന്നു. ഇവിടെനിന്നു മടങ്ങിയെത്തിയ ശേഷമാണു തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തുടങ്ങിയത്.
നിഷാദ് വയനാട് ബത്തേരിയിൽ കുഴൽപ്പണം പിടിച്ച കേസിലും, തൃശൂർ ചേലക്കരയിൽ വഞ്ചനാ കേസിലും പ്രതിയാണ്. കോയന്പത്തൂർ ബോംബ് സ്ഫോടനത്തിനുശേഷം നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ 86 വാഹനങ്ങൾ പ്രതികളുടെ സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേസിന്റെ തുടരന്വേഷണം എൻഐഎ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികൾക്കു കൈമാറിയേക്കും.
കഴിഞ്ഞ ദിവസം പ്രതികൾ കോട്ടയത്ത് എത്തുന്നതായി ജില്ലാ പോലീസ് മേധാവി എസ്. ജയദേവിന് വിവരം ലഭിച്ചിരുന്നു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ. അരുണ്, പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്, ഗ്രേഡ് എസ്ഐ കെ.പി. മാത്യു, എഎസ്ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.ജെ. സജീവ്, സി. സുദീപ്, സിപിഒമാരായ കെ.ആർ. ബൈജു, വിഷ്ണു വിജയദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.