കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ കഞ്ചാവ് വേട്ട കഴിഞ്ഞ ദിവസം നഗരത്തിൽ നടന്നു. തമിഴ്നാട്ടിൽനിന്ന് അന്തർ സംസ്ഥാന സ്വകാര്യ സർവീസ് നടത്തുന്ന കല്ലട ബസിൽ കടത്തിക്കൊണ്ടു വന്ന പത്തു കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെയാണ് എക്സൈസ് സംഘം പിടികൂടിയത്.
സേലം സുരമംഗലം ഒന്നാം സ്ട്രീറ്റിൽ മാണികവസാഗർ എസ്ഡി കോംപ്ലക്സിൽ സർദാറിന്റെ മകൻ ശങ്കർ ഗണേഷാണ്(44)എക്സൈസിന്റെ സംയുക്ത പരിശോധനാ സംഘത്തിന്റെ പിടിയിലായത്. 2009ൽ മുണ്ടക്കയത്തുനിന്ന് 91.5 കിലോ പിടികൂടിയതാണ് ഇതിനു മുന്പത്തെ വലിയ കഞ്ചാവ് വേട്ട.
അതിനുശേഷം സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ വേട്ടയാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഞയറാഴ്ച രാവിലെ 6.30ന് എംസി റോഡിൽ കോടിമത പാലത്തിനുസമീപം, സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റുന്ന സ്ഥലത്തുനിന്നാണു ശങ്കർ ഗണേഷിനെ എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡും, ഇന്റലിജൻസ് വിഭാഗവും, എക്സൈസ് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽനിന്ന് ശങ്കർ ഗണേഷിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിതരണം ചെയ്യുന്നതിനായി കഞ്ചാവ് എത്തിക്കുന്നതായി എക്സൈസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു.
എക്സൈസ് സംഘം ദിവസങ്ങളായി നിരീക്ഷണം നടത്തി വരികയായിരുന്നു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു വൻ തുകയുടെ കഞ്ചാവ് ജില്ലയിലേക്ക് എത്തിക്കുന്നതായി സൂചന ലഭിച്ചത്.
രാവിലെ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശങ്കറിനെ എക്സൈസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്്ടർ ആർ. രാജേഷ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.വി. ദിവാകരൻ, എക്സൈസ് ഇന്റലിജൻസ് സ്ക്വാഡ് ഇൻസ്പെക്ടർ എൻ.വി. സന്തോഷ്, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, കെ.എൻ. സുരേഷ്കുമാർ, എം. അസീസ്, പ്രിവന്റീവ് ഓഫീസർമാരുമായ സി.ആർ. രമേശ്, ടി. അജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ. അജിത്കുമാർ, പി.പി. പ്രസാദ്, ആർ. എസ്. നിധിൻ, ഡ്രൈവർ മനീഷ്കുമാർ എന്നിവർ ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു.
രണ്ടു കിലോ വീതമുള്ള അഞ്ചു പൊതികളിലാക്കിയാണു പ്രതി കഞ്ചാവ് എത്തിച്ചിരുന്നത്. ബാഗിനുള്ളിൽ കഞ്ചാവ് പൊതികളാക്കിയതിനുശേഷമാണ് ബസിൽ കയറി കേരളത്തിലേക്കു പുറപ്പെട്ടത്. കോട്ടയത്ത് എത്തുന്പോൾ സിൽവർ നിറത്തിലുള്ള ഇന്നോവ എത്തുമെന്നും, ഈ വാഹനത്തിൽ കയറി ഇവർ നിർദേശിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കണമെന്നുമുള്ള നിർദേശം മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് പ്രതി എക്സൈസിനോടു പറഞ്ഞു.
ഈ കഞ്ചാവ് വിദ്യാർഥികൾക്ക് അടക്കം വിൽക്കുന്നതിനുവേണ്ടിയാണ് എത്തിച്ചതെന്നും എക്സൈസ് സംഘം സംശയിക്കുന്നു. ആർക്കു നൽകാനാണ് കഞ്ചാവ് എത്തിച്ചത്, ഇവിടെ എത്തിച്ചതിനു പിന്നിലുള്ളവർ ആരൊക്കെയുണ്ടെന്നു വിശദമായി അന്വേഷിച്ചു വരുകയാണെന്ന് എക്സെസൈസ് അധികൃതർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.