തിരുവല്ല: ചൂട് കനത്തതോടെ കോഴി, താറാവ് കര്‍ഷകര്‍ ആശങ്കയിൽ. മുട്ട വിപണിയിലെ തിരിച്ചടിയാണ് കാരണം. കടുത്ത ചൂടിനെ തുടര്‍ന്ന് മുട്ടയുടെ ഉപയോഗവും ഉത്പാദനവും കുറഞ്ഞതോടെ, സ്വയം തൊഴിലിനിറങ്ങിയ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തിരുവല്ല, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലും കോഴി, താറാവ് വളര്‍ത്തല്‍ സജീവമാണ്.
സാധാരണ ഗതിയില്‍ മാര്‍ച്ചോടെയാണ് ചൂടിന്റെ ശല്യം കര്‍ഷകര്‍ നേരിടുന്നത്. എന്നാല്‍ ഇത്തവണ ജനുവരി അവസാനത്തോടെ തന്നെ കടുത്ത ചൂട് അനുഭവപ്പെട്ടു തുടങ്ങി. മുട്ടകള്‍ എളുപ്പത്തില്‍ നശിച്ചു പോകുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടി. നാടന്‍ കോഴിമുട്ടയ്ക്ക് കര്‍ഷകര്‍ക്ക് ആറ് രൂപവരെ ലഭിച്ചിരുന്നതാണ്.
എന്നാല്‍, ഇപ്പോള്‍ നാടന്‍ മുട്ടയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. പല സ്ഥലങ്ങളിലും മുട്ട ഒന്നിന് അഞ്ച് രൂപ പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. തമിഴ്നാട്ടില്‍ നിന്നുള്ള മുട്ട വരവ് കൂടിയതിനാല്‍ വിപണിയില്‍ വില കുറയുന്നുമില്ല. പ്രതിസന്ധികളോട് പടവെട്ടി പിടിച്ചുനില്‍ക്കുകയാണ് കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും താറാവ് കര്‍ഷകരും.
കഴിഞ്ഞ വര്‍ഷം കനത്ത ചൂടിനെ തുടര്‍ന്ന് താറാവുകളെ രോഗം വേട്ടയാടിയിരുന്നു. ഈ വര്‍ഷത്തിലും കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ താറാവുകള്‍ ചത്തൊടുങ്ങാനുള്ള സാധ്യത കൂടുതലാണെന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു.
കാലുകള്‍ തളരുന്ന രോഗമാണ് താറാവുകളെ അലട്ടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് നിരവധി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായി മുട്ടക്കോഴി കൃഷിയിലേക്ക് കടന്നുവന്നത്. ബിവി 380, കൈരളി, ഗ്രാമശ്രീ, ഗ്രാമപ്രിയ എന്നീ കോഴികളെയാണ് വീടുകളില്‍ വളര്‍ത്തുന്നത്.
ബിവി 380, കൈരളി എന്നിവ മുട്ട ഉത്പാദനത്തില്‍ ഏറെ മുന്നിലുമാണ്. ഇവയുടെ മുട്ട ഗുണമേന്മയിലും ഒന്നാം സ്ഥാനത്താണ്. കാട, താറാവ് എന്നിവയുടെ മുട്ടയ്ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ കുറവാണ്.
കനത്തചൂടിനെ തുടര്‍ന്ന് പാടശേഖരങ്ങളിലും മറ്റും താറാവുകളെ തീറ്റ തേടി ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ഇതോടെ താറാവുകള്‍ക്ക് തീറ്റ ഇനത്തില്‍ വലിയ തുക അധികമായി കര്‍ഷകര്‍ കണ്ടെത്തേണ്ടി വരും. ഇത്തവണത്തെ ചൂട് താറാവ് കൃഷിക്ക് തിരിച്ചടിയാണ്. ചൂട് കൂടുതലായാല്‍ മുട്ട പെട്ടെന്ന് ചീഞ്ഞ് പോകും. താറാവുകള്‍ക്ക് രോഗം പടരാന്‍ സാധ്യതയുണ്ട് തീറ്റ ഇനത്തിലും ചെലവ് കൂടുതലാണ്.