ആലപ്പുഴ: ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി ചില എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റുകൾ നടത്തുന്ന ഭീഷണി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ടിഎ 29-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ രാജ്യത്തെ മുൻ നിലയിലേക്ക് നമ്മുടെ സംസ്ഥാനം മാറുന്നതിന് ഇടയാക്കിയ ഘടകങ്ങളിലൊന്ന് വിദ്യാഭ്യാസരംഗമാണ്. കാലത്തിന്റെ മാറ്റം നമ്മുടെ കേരളത്തിലും വലിയ പ്രത്യാഘ്യാതങ്ങൾ സൃഷ്ടിച്ചു. വിദ്യാലയങ്ങളിലൂടെ ലാഭം കൊയ്യാൻ പലരും ഈ രംഗത്തേക്ക് കടന്നുവന്നു.
വിദ്യാർത്ഥി പ്രവേശനത്തിലടക്കം വൻതോതിൽ പണം വാങ്ങുന്ന അവസ്ഥവരെയുണ്ടായി. സൗജന്യവിദ്യാഭ്യാസം സംസ്ഥാനത്ത് ഉണ്ടായിരുന്നത് തകർക്കാൻ ശ്രമിച്ചു. അണ്-എയ്ഡഡ് മേഖലയിലാണ് മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന് നമ്മുടെ സമൂഹം തെറ്റായി ധരിച്ചിരുന്നു.
ഇതിലൂടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവ് അനുഭവപ്പെട്ടത് നല്ലൊരു വിഭാഗം അധ്യാപകസമൂഹത്തിന് വേദനയുണ്ടാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ പൊതുവിദ്യാലയങ്ങളിലാണ് നല്ല വിദ്യാഭ്യാസമുള്ളത്. പൊതുവിദ്യാലയങ്ങളിലൂടെയാണ് കരുത്തുറ്റ മതനിരപേക്ഷ സമൂഹം രൂപപ്പെടുന്നത്.
കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടി സർക്കാർ നാലു മിഷനുകൾ രൂപീകരിച്ചു. അതിൽ ഒന്നാണ് പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കാനാള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. അതിലൂടെ പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവും, പശ്ചാത്തല സൗകര്യവും ഉൾപ്പെടെ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
അധ്യാപക തസ്തിക നിർണയ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുവാൻ സർക്കാർ ആലോചിട്ടില്ല. മാനേജ്മെന്റുകൾക്ക് വിദ്യാലയങ്ങൾ നോക്കിനടത്താൻ കഴിയില്ല എന്ന പ്രഖ്യാപനങ്ങൾ ചിലർ നടത്തുന്പോൾ, സർക്കാർ പറയുന്നതിൽ എന്തോ കഴന്പില്ലേ എന്ന് സമൂഹം ചിന്തിക്കുന്നതിനിടയാക്കുന്നുണ്ട്.
സർക്കാരിന് ഇത്തരം സ്കൂളുകളിലെ അധ്യാപകർക്ക് ശന്പളം നൽകാമെങ്കിൽ സ്കൂൾ വാടകയ്ക്ക് എടുക്കാനും മടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.