അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രാഫിക് നിയന്ത്രിക്കാൻ കരാർ അടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി നിയമനത്തിൽ അഴിമതി എന്ന് ആരോപണം. ദിവസം 550 രൂപ വേതനം നൽകി എട്ടു മണിക്കൂർ ജോലി സമയക്രമത്തിൽ ഒന്‍പതു പേരെയാണ് നിയമിച്ചിട്ടുള്ളത്.
ഈ ഇനത്തിൽ 1.25 ലക്ഷം രൂപയോളം മാസം ആശുപത്രി വികസന സമിതിക്ക് അധിക ചെലവ് വരും. ഒരു മാസം മുന്‍പാണ് അന്പലപ്പുഴയിലുള്ള ഏജൻസിക്ക് കരാർ നൽകിയത്. ക്വട്ടേഷൻ നൽകിയതിലും ക്രമക്കേട് നടന്നതായ ആരോപണം ഉയർന്നിട്ടുണ്ട്.
പത്ര പരസ്യത്തിലൂടെ ക്ഷണിച്ച ക്വട്ടേഷനിൽ നാലു കന്പനിയാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഒരാൾ തന്നെയൊണ് നാലു കന്പനിയുടെ പേരിലും ക്വട്ടേഷൻ നൽകിയതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
ആശുപത്രിയിൽ വാഹനങ്ങൾ പണം നൽകിയാണ്പാർക്ക് ചെയ്യുന്നത്. മുന്‍പ് വ്യക്തികളായിരുന്നു ഇത് കരാർ എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ കുടുംബശ്രീയെ ഏൽപിച്ചിരിക്കുകയാണ്. ഇതിലൂടെ ആശുപത്രി വികസന സമിതിക്ക് അധിക വരുമാനം ലഭിക്കുന്നുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പണം പിരിക്കുന്നതും കുടുംബശ്രീ പ്രവർത്തകരാണ്. ഇത് തുടരുന്നതിനിടയിലാണ് ട്രാഫിക് നിയന്ത്രണത്തിെൻറ പേരിൽ ലക്ഷങ്ങൾ ചെലവഴിക്കുന്നത്.
കാൻറീൻ കാലാവധി അവസാനിച്ചതോടെ ഗർഭിണികൾക്കും പരിചരിക്കാൻ ആളില്ലാതെ ആശുപത്രിയിൽ കഴിയുന്നവർക്കും ആഹാരം നൽകിയിരുന്നത് നിർത്തിവെക്കേണ്ടി വന്നിരുന്നു. ആശുപത്രി വികസന സമിതിക്ക് ഫണ്ട് പരിമിതമായതിനാൽ പകരം സംവിധാനം ഒരുക്കാനുമായില്ല.
ഈ സാഹചര്യത്തിലാണ് ട്രാഫിക് നിയന്ത്രിക്കാൻ ഒന്‍പതോളം പേരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ളത്.