കൊച്ചി: പൊതുമേഖലയില്‍ കാലുകുത്താന്‍ സ്വകാര്യ കുത്തകകളെ അനുവദിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരേ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ സംഘടിപ്പിച്ച പൊതുമേഖലാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലയെ കോര്‍പറേറ്റുകള്‍ക്ക് വിറ്റ് രാജ്യത്തെ ഒറ്റുകൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അനുവദിക്കില്ല. രാജ്യത്തിന്റെ അഭിമാന പ്രശ്നമായി കണ്ട് അതിനെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നേരിടുന്ന അതീവ ഗുരുതര സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നരേന്ദ്ര മോദി കാണുന്ന പരിഹാരം പൊതുമേഖലയെ വിറ്റുതുലയ്ക്കലാണ്. ഈ നീക്കവുമായി മുന്നോട്ട് പോയാല്‍ നോട്ട് നിരോധനം പോലെ വന്‍പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, ഹൈബി ഈഡന് എംപി, പൊതുമേഖലാ കോ-ഓര്‍ഡിനേഷന്‍ ദേശീയ കണ്‍വീനര്‍ സ്വദേശ് ദേവ് റോയി, സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി വി.പി. ജോര്‍ജ്, ടിയുസിഐ സംസ്ഥാന സെക്രട്ടറി ടി.ബി. മിനി, എഐടിയുസി ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപി എന്നിവര്‍ പ്രസംഗിച്ചു.