കൊടുങ്ങല്ലൂർ: നഗരസഭയിലെ പുല്ലൂറ്റ് കോഴിക്കടവിൽ ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾ ഉൾപ്പടെ നാലുപേർ തൂങ്ങി മരിച്ചസംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ സിഐ പി.കെ. പത്മരാജൻ, എസ്ഐ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. നോട്ടുബുക്കിൽ നിന്നും ചീന്തിയെടുത്ത തുണ്ടുകടലാസിൽ എഴുതിയ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
കെട്ടിടങ്ങളുടെ ഡിസൈൻ വർക്ക് തൊഴിലാളിയായ തൈപ്പറന്പത്ത് വിനോദ് (44), ഇയാളുടെ ഭാര്യയും നഗരത്തിലെ ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരിയുമായ രമ (38), ഇവരുടെ മകളും കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ നയന (16), മകനും പുല്ലൂറ്റ് ചാപ്പാറ ലിറ്റിൽഫ്ളവർ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയുമായ നീരജ് (ഒന്പത്) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുടുംബത്തിലെ അംഗങ്ങൾ പലമുറികളിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മറ്റുള്ളവരെ കൊലപ്പെടുത്തിയശേഷം കുടുംബനാഥൻ ആത്മഹത്യ ചെയ്തതാകാം എന്ന സംശയത്തിലാണ് പോലീസ്.
എല്ലാവരോടും മാപ്പ്, തെറ്റുചെയ്തവർക്ക് മാപ്പില്ല. എന്ന ചുരുങ്ങിയ വാക്കുകളിലാണ് ആത്മഹത്യാ കുറിപ്പ്. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷമാണ് മരണം സംഭവിച്ചിരിക്കാൻ സാധ്യത. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് നഗരത്തിലെ ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരിയായ രമ കടപ്പൂട്ടി പോയതെന്ന് സമീപത്തെ കടക്കാർ പോലീസിന് നൽകിയ വിവരം.
മൃതദേഹങ്ങളെല്ലാം അഴുകിതുടങ്ങിയ നിലയിലായിരുന്നു. ഇന്നുരാവിലെ തൃശൂരിൽ നിന്നും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും വീട്ടിലെത്തി മൃതദേഹങ്ങൾ ഇൻക്വിസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.