തൃശൂർ: ശബ്ദതടസത്തിനു താൻ വോക്കോളജി വിദഗ്ധനായ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി ഡയറക്ടർ റവ.ഡോ. പോൾ പൂവത്തിങ്കലിന്റെ ചികിത്സയിലും പരിശീലനത്തിലുമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി തൃശൂരിൽ സംഘടിപ്പിക്കുന്ന നാഷണൽ വോക്കോളജി ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശീലനവും ചികിത്സയും ആരംഭിച്ചതേയുള്ളൂ. ഇനിയും തുടർന്നാലേ ശബ്ദതടസത്തിനു പരിഹാരമാകൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം പേരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. അഭിനേതാക്കൾ, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പ്രഭാഷകർ, അധ്യാപകർ, ഗായകർ തുടങ്ങിയവരെല്ലാം ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്. ശിൽപശാല ഇന്നു സമാപിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ സിഎംഐ ദേവമാതാ പ്രോവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. റവ.ഡോ. പോൾ പൂവത്തിങ്കൽ, പ്രഫ. ജോർജ് എസ് പോൾ എന്നിവർ പ്രസംഗിച്ചു.