സ്വന്തം ലേഖകന്‍
കോഴിക്കോട്: വയനാട്ടിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി. പെൺകുട്ടിയെ വിവാഹം കഴിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാനാണു നീക്കമെന്ന് ആരോപിച്ച് അമ്മ പരാതി നൽകി.
കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് കുറെക്കാലമായി പെൺകുട്ടിയുടെ പിന്നാലെ ആയിരുന്നെന്നും കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിക്കു 18 വയസ് തികഞ്ഞതോടെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നും അമ്മ പറയുന്നു.
മാനന്തവാടിക്കടുത്ത സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് സാദിഖ് എന്ന യുവാവ് വിവാഹം ചെയ്തു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരിക്കുന്നത്.
പരിശോധന വേണം
പ്രായപൂർത്തിയാകുന്നതിനു മുൻപ് മകൾ പീഡിപ്പിക്കപ്പെട്ടതായി സംശയമുള്ളതിനാൽ വിദഗ്ധമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഇയാളുമായുള്ള രജിസ്റ്റർ വിവാഹം തടയണമെന്നും ആവശ്യപ്പെട്ടു വിദ്യാർഥിനിയുടെ അമ്മ ഇന്നലെ വയനാട് ജില്ലാ പോലീസ് മേധാവിക്കാണു പരാതി നൽകി യത്.
പ്രായപൂർത്തിയാകുംമുമ്പ് മകൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ സാദിഖിനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കണം.
മകളെ മയക്കുമരുന്ന് നൽകിയാണു വലയിലാക്കിയതെന്നും ഇതിനു സഹായിച്ച മാനന്തവാടിയിലെ കൂൾബാർ നടത്തിപ്പുകാർക്കെതിരേ നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
പരാതി പരിശോധിച്ച എസ്പി തുടർനടപടിക്കായി മാനന്തവാടി ഇൻസ്പെക്ടർക്കു കൈമാറി. ഒരാഴ്ച മുമ്പ് ഇക്കാര്യങ്ങൾ ഉന്നയിച്ചു പെൺകുട്ടിയുടെ അമ്മ മാനന്തവാടി എസ്ഐക്കു പരാതി നൽകിയിരുന്നു. പക്ഷേ, ഒരന്വേഷണവും ഉണ്ടായില്ല. തുടർന്നാണ് എസ്പിക്കു നേരിൽ പരാതി നൽകിയത്.
മകളെ തമിഴ്നാട്ടിലെ പന്തല്ലൂരിലുള്ള ബന്ധു വീട്ടില്‍നിന്നു യുവാവും സംഘവും വാഹനത്തിലെത്തി കടത്തിക്കൊണ്ടുപോയെന്നും അമ്മ പറയുന്നു. പരാതിയിൽ പറയുന്നത് ഇങ്ങനെ:
കൂട്ടുകാരി വഴി
മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള ഇടവകയിലെ ക്രിസ്ത്യന്‍ കുടുംബമാണ് പെണ്‍കുട്ടിയുടേത്. ഒന്നര വര്‍ഷം മുന്‍പാണ് മാനന്തവാടി സ്വദേശി സാദിഖ് പെൺകുട്ടിയോട് അടുപ്പം കാണിച്ച് എത്തിയത്.
കൂട്ടുകാരിയുടെ ചേട്ടന്റെ സുഹൃത്ത് എന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുമായി യുവാവ് അടുപ്പം സ്ഥാപിച്ചത്. എന്നാല്‍, ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടായിരുന്നതായി പിന്നീടാണു ബന്ധുക്കള്‍ക്കു മനസിലായത്.
സ്കൂളിലേക്കു പോവുകയാണെന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങുന്ന പെൺകുട്ടി പലപ്പോഴും യുവാവിനൊപ്പം കറങ്ങി നടക്കുന്നതു കണ്ടതായി അയൽവാസികളും മറ്റും പറഞ്ഞതോടെയാണ് വീട്ടുകാർ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുന്നത്.
ഇതോടെ പെൺകുട്ടിയെ തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. എന്നാൽ, പിന്നീട് അവിടെ എത്തിയ യുവാവ് പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും പറഞ്ഞു നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബന്ധുവീട്ടിൽനിന്നു കൊണ്ടുപോയ പെൺകുട്ടി ഇപ്പോൾ എവിടെയുണ്ടെന്ന് അമ്മയ്ക്കും അറിയില്ല. യുവാവിനെതിരേ കഞ്ചാവ് കടത്തിയെന്ന കേസ് നിലവിലുണ്ട്.
ഇതിനെക്കുറിച്ചു പെണ്‍കുട്ടി നേരത്തെ ചോദിച്ചിരുന്നതായി പറയുന്നു. ആരൊക്കെയോ ചേര്‍ന്നു തന്നെ കുടുക്കിയതാണെന്നായിരുന്നു അന്നു യുവാവിന്റെ മറുപടി.
കൂൾ ബാറിലെ ജ്യൂസ്
നേരത്തെ മാനന്തവാടിയിലെ ഒരു കൂൾബാറിൽ ഉള്‍പ്പെടെ പെണ്‍കുട്ടിയെ യുവാവ് കൊണ്ടുപോകുകയും ലൈം ജ്യൂസ് വാങ്ങി നല്‍കുകയും ചെയ്തിരുന്നു. ഈ ജ്യൂസിനു രുചിവ്യത്യാസം വന്നപ്പോള്‍ എന്താണിത് ഇങ്ങനെയെന്നു പെണ്‍കുട്ടി ജീവനക്കാരോടു ചോദിച്ചിരുന്നു.
ഇനി ആവര്‍ത്തിക്കില്ല എന്നായിരുന്നുവത്രെ ജീവനക്കാരുടെ മറുപടി.
കോഴിക്കോട് സരോവരത്ത് ജ്യൂസില്‍ മയക്കുമരുന്നു നല്കി നഗ്നചിത്രമെടുത്തു പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്ന സംഭവം ഉള്‍പ്പെടെ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനു പിന്നില്‍ ലൗ ജിഹാദ് ആണോ എന്ന സംശയം അമ്മ ഉന്നയിക്കുന്നത്.
ആദ്യം വെറും പ്രണയം എന്ന നിലയില്‍ മാത്രമേ ബന്ധുക്കള്‍ വിഷയത്തെ കണ്ടിരുന്നുള്ളു. എന്നാൽ, ഇപ്പോൾ പെൺകുട്ടി എവിടെയാണെന്ന് അറിയില്ലെന്നും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുമാണ് അമ്മ പറയുന്നത്.
തനിക്ക് അവൾ മാത്രമേയുള്ളെന്നും കെണിയിലകപ്പെട്ടിരിക്കുകയാണോയെന്നു സംശയമുണ്ടെന്നും ഇവർ പറയുന്നു. പെൺകുട്ടിയുടെയും യുവാവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
പെണ്‍കുട്ടിയോടു നിര്‍ബന്ധമായും തലയിൽ തട്ടമിട്ടേ പുറത്തിറങ്ങാവുവെന്നു യുവാവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതായും അമ്മ വെളിപ്പെടുത്തി. അമ്മ സ്വകാര്യ സ്ഥാപനത്തിൽ കുറഞ്ഞ ശന്പളത്തിൽ ജോലിചെയ്താണ് മകളെ പോറ്റിയിരുന്നത്.