കുന്നിക്കോട്: ഇളമ്പൽ ഗവ. യുപി സ്കൂളിൽ സാമൂഹ്യവിരുദ്ധാക്രമണം. ക്ലാസ് മുറികളും പഠനോപകരണങ്ങളും അടിച്ചുതകര്‍ത്തു.
നവീന പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ മികവിലേക്കുയരുന്ന സര്‍ക്കാര്‍ സ്കൂളിലാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്. ഞായറാഴ്ച്ച വൈകുന്നേരം സ്കൂളിലെ ജൈവവൈവിധ്യ പാര്‍ക്കില്‍ ചെടികള്‍ക്ക് വെള്ളം തളിക്കാനെത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം കണ്ടത്.
കുട്ടികളുടെ പഠനോപകരണങ്ങളും ക്ലാസ് മുറികളും നശിപ്പിച്ച സാമൂഹ്യവിരുദ്ധര്‍ കിണറിൽ മാലിന്യം നിക്ഷേപിച്ച് ഉപയോഗശൂന്യമാക്കുകയും ചെയ്തു. ടോയ് ലറ്റുകളിലും കൈകഴുകുന്നതിനുമായി സ്ഥാപിച്ചിരുന്ന ടാപ്പുകൾ പൂര്‍ണമായും നശിപ്പിച്ചു.
സ്മാർട്ട് ക്ലാസിലെ എ സി യുടെ വയർ മുറിച്ചു മാറ്റി. ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന പഠനസാമഗ്രികളും പഠനോല്പന്നങ്ങളും നശിപ്പിച്ച അക്രമി സംഘം സ്കൂള്‍ പെയിന്റിംഗിനായി സൂക്ഷിച്ചിരുന്ന പശയടങ്ങിയ ടിന്നും അനുബന്ധ ഉപകരണങ്ങളും തുറന്ന് പശ ഡെസ്കിലും ബെഞ്ചിലും തറയിലും ഒഴിച്ച് നശിപ്പിച്ചു.
ശനിയാഴ്ച രാത്രിയിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടായതെന്ന് അനുമാനിക്കുന്നു. രണ്ടാം ക്ലാസുകാർ ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഈ കെട്ടിടത്തിലെ മുറികൾക്ക് ജനാലകളും വാതിലുകളും ഇല്ല. വെള്ളിയാഴ്ച വൈകുന്നേരം പ്രധാന കെട്ടിടങ്ങളുടെ വാതിലുകളും ഗേറ്റും പൂട്ടി പ്രധാന അധ്യാപകൻ പോയിരുന്നു.
അധ്യയനം നടത്താന്‍ പോലുമാകാതെ നാശനഷ്ടങ്ങളുണ്ടായതോടെ ഇന്നലെ സ്കൂളിന് അവധി നല്കി. ഇരുനൂറിലധികം കുട്ടികൾ പഠനം നടത്തുന്ന സർക്കാർ സ്കൂളിൽ അതിക്രമിച്ച് കയറി അക്രമം കാട്ടിയവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് പി ടി എ പ്രസിഡന്റ് ഗിരിഷ് തമ്പിയും പ്രധാന അധ്യാപകൻ രാജുമോനും ആവശ്യപ്പെട്ടു. സംഭവത്തിൽ കുന്നിക്കോട് പോലിസ് അന്വേഷണം ആരംഭിച്ചു.