കോട്ടയം: ടിബി റോഡിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു വ്യാപാരികൾ സമരത്തിന്. ടിബി റോഡിൽ തിരുനക്കര മൈതാനം മുതൽ കെഎസ്ആർടിസി സ്റ്റാൻഡ് വരെയുള്ള ഭാഗത്താണു വൈകുന്നേരം ആറു മുതൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ഫസ്റ്റ്ഷോയ്ക്കും, സെക്കൻഡ് ഷോയ്ക്കും കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തേക്കുള്ള തീയറ്ററിലേക്കു പ്രേക്ഷകർ കൂട്ടത്തോടെ എത്തുന്നതാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കുരുക്കൊഴിവാക്കാനുള്ള നിർദേശങ്ങൾ ടിബി റോഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ പോലീസിനു നിവേദനമായി നൽകിയെങ്കിലും നടപടികൾ എങ്ങും എത്തിയില്ല. ഈ നിർദേശങ്ങൾ നടപ്പാക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കിയില്ലെങ്കിൽ റോഡ് ഉപരോധസമരം അടക്കമുള്ള സമരം നടത്തുമെന്ന് ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി പി.ബി. ഗിരീഷ് പറഞ്ഞു.
പുതിയ സിനിമകൾ റിലീസ് ചെയ്യുന്പോഴാണ് ടിബി റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. തീയറ്ററിലേക്കു കയറാനായി എത്തുന്ന വാഹനങ്ങളുടെ നീണ്ടനിര പലപ്പോഴും ചന്തയ്ക്കുള്ളിലെ റോഡ് വരെ എത്തും.
ടിബി റോഡിലെ കടകളുടെ മുന്നിലാണ് ഇത്തരത്തിൽ വാഹനങ്ങളുടെ നിര നീണ്ടു കിടക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിലേക്കു ആളുകൾ കയറാത്ത സാഹചര്യം ഉണ്ടാകും. ഇത് കൂടാതെയാണ് ടിബി റോഡിൽ കാൽനട പോലും ഈ വാഹന നിര തീർത്തും, ദുഷ്കരമാക്കിയിരിക്കുന്നത്.
തീയറ്ററിലേക്കു വരുന്ന വാഹനങ്ങളുടെ നിര നീണ്ടാലും നടപടിയെടുക്കാത്ത പോലീസ്, കച്ചവട സാധനങ്ങൾക്കു മുന്നിൽ നിർത്തുന്ന വാഹനങ്ങൾക്കെതിരേ പെറ്റിക്കേസ് ചുമത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
തീയറ്ററിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് ഫസ്റ്റ്ഷോയ്ക്കും സെക്കൻഡ് ഷോയ്ക്കുമാണ്. ഈ സമയത്ത് കാറുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ എംഎൽ റോഡ് വഴി തീയറ്ററിലേക്കു കയറ്റിവിടണമെന്നാണു വ്യാപാരികൾ നിർദേശിക്കുന്നത്.
വൈകുന്നേരം നാലിനുശേഷം മാർക്കറ്റിൽ കാര്യമായ തിരക്കില്ല. ഈ സമയത്ത് വാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗതക്കുരുക്ക് ഉണ്ടാകില്ല. ഇത് വഴി ടിബി റോഡിലെ കുരുക്കും ഒഴിവാക്കാൻ സാധിക്കുമെന്നു വിലയിരുത്തുന്നു.