അന്പലപ്പുഴ: ഉത്സവം നടക്കുന്ന ക്ഷേത്ര പരിസരത്തേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. വൈക്കം കണിച്ചേരിയിൽ ജിമ്മിയുടെ മകൻ പ്രവീണ്‍ (24) ആണ് മരിച്ചത്.
തോട്ടപ്പള്ളി കുന്നേപറന്പിൽ ഗണേശന്റെ മകൻ അനന്തൻ (35), പല്ലന ദേഹാലയത്തിൽ രാജപ്പന്റെ മകൻ അജിത്ത് (30), ഒറ്റപ്പന മുച്ചേൽ പറന്പിൽ രാമചന്ദ്രന്റെ മകൻ ദിൽജിത്ത് (30), അരൂർ സ്വദേശി ഷാജിയുടെ മകൻ ശാർമി(28), പുറക്കാട് കിഴക്കേ മുണ്ടുപറന്പിൽ പരേതനായ ശിവദാസന്റെ ഭാര്യ കമലമ്മ (60) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയ പാതയിൽ ഒറ്റപ്പന കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോയ കാർ നിയന്ത്രണം തെറ്റി ക്ഷേത്രത്തിന്റെ നടയ്ക്കു സമീപത്തേക്കെത്തി ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കുന്നതിനായെത്തിയ ഗാനമേള സംഘത്തിന്റെ മൈക്ക് സെറ്റ് ഉപകരണങ്ങൾ ഇറക്കുന്നതിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു.
ഈ സംഘത്തിലുള്ളയാളാണ് പ്രവീണെന്ന് സംശയിക്കുന്നതായി അന്പലപ്പുഴ പോലീസ് പറഞ്ഞു. ക്ഷേത്രപരിസരത്ത് ഐസ്ക്രീം കച്ചവടം നടത്തിയിരുന്ന പെട്ടി ഓട്ടോറിക്ഷയും കാറിടിച്ചു തകർന്നു. അപകടം നടക്കുന്നതിനിടെ കാറിനു പിന്നാലെ വന്ന എയ്ഷർ ലോറി നിയന്ത്രണം തെറ്റി ദേശീയപാതയോരത്തെ മരത്തിൽ ഇടിച്ചു.
അപകട സമയത്തുണ്ടായ ബഹളത്തിനിടെ ഉത്സവത്തിന്റെ ഭാഗമായി നിർമിച്ച തോട്ടപ്പള്ളി സ്വദേശി സലിമിന്റെ താത്കാലിക ചായക്കടക്ക് തീ പടർന്നു. നാട്ടുകാരും വിവരമറിഞ്ഞെത്തിയ അന്പലപ്പുഴ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് പ്രവീണ്‍ മരിച്ചത്. അനന്തൻ, ദിൽജിത്ത് എന്നിവരുടെ കാലിന് ഒടിവുണ്ട്. അന്പലപ്പുഴ പോലീസ് മേൽ നടപടി സ്വീകരിച്ചു.