സ്വന്തം ലേഖകൻ
തൃശൂർ: വൈകല്യങ്ങളോടു പടവെട്ടി ജീവിതത്തെ ആഘോഷമാക്കുന്ന കഥയല്ലിത്. വൈകല്യങ്ങളെ കൊട്ടിത്തോൽപ്പിച്ച് ജീവിതത്തിലേക്ക് പഞ്ചാരിയും തായന്പകയും ചേർത്തുവെക്കുന്ന നിരഞ്ജനെന്ന കൊച്ചുമിടുക്കന്റെ കഥയാണിത്. കഥ എന്ന് പറഞ്ഞെങ്കിലും കഥയെ വെല്ലുന്ന യഥാർത്ഥ സംഭവം.
വലത്തേ കൈമുട്ടിനു താഴെക്ക് ശോഷിച്ചുപോയ നാലുവിരലുകൾ മാത്രമുള്ള നിരഞ്ജനെന്ന നാലാംക്ലാസുകാരൻ തായന്പകയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്പോൾ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ചമുതൽ ആരംഭിച്ച പരിശീലനത്തിനൊടുവിലാണ് നിരഞ്ജൻ ഇപ്പോൾ തായന്പകയിൽ അരങ്ങേറ്റത്തിന് ചെണ്ടക്കോൽ കൈയിലെടുക്കുന്നത്.
വലതു കൈമുട്ടിനു താഴെ നാലുശോഷിച്ച വിരലുകളാണ് നിരഞ്ജനുള്ളത്. തള്ളവിരലില്ല. ചൂണ്ടുവിരലും നടുവിരലും മടക്കാനുമാകില്ല.
ജൻമനാതന്നെ വലതുകൈയിന് ഉണ്ടായിരുന്ന വൈകല്യം നിരഞ്ജൻ മൈൻഡ് ചെയ്യുന്നില്ല. ഇതൊന്നും ഒരു പ്രശ്നമേയല്ല എന്ന പോസിറ്റീവ് ചിന്ത അറിഞ്ഞോ അറിയാതെയോ ഈ ചെറുബാല്യത്തിൽ തന്നെ നിരഞ്ജനിൽ വേരുറച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഒന്നാംക്ലാസിൽ പഠിക്കുന്പോൾ ചെണ്ട പഠിക്കാനായി ഗുരു ചെറുശേരി ശ്രീകുമാറിന്റെയടുത്തെത്തി കല്ലിൽ കൊട്ടിപ്പഠിക്കുന്പോൾ കുഞ്ഞുവിരലുകൾ ചുവന്നു തടിക്കുമായിരുന്നു. ചെണ്ട കുറേക്കൂടി വലുതായിട്ട് പഠിച്ചാൽമതിയെന്ന് കുഞ്ഞിക്കൈ കണ്ട് വീട്ടിലെ പലരും പറഞ്ഞെങ്കിലും നിരഞ്ജൻ കുലുങ്ങിയില്ല.
അതൊന്നും സാരല്യ എന്നായിരുന്നു നിരഞ്ജന്റെ മറുപടി. പിന്നീട് ഗുരുതന്നെ നിർദ്ദേശിച്ച് മരത്തിന്റെ സ്റ്റൂളിലായി കൊട്ടിപ്പഠിത്തം. 2016ൽ ഇടംകൈയിൽ ചെണ്ടക്കോലെടുത്ത് വലം കൈ കൊണ്ട് താളം പിടിച്ച് നിരഞ്ജൻ എന്ന അഞ്ചുവയസുകാരൻ കൊട്ടാൻ തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ പടിയം ചൂരക്കോട് അന്പലത്തിൽ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം.
അന്ന് കണ്ടു നിന്നവർക്കെല്ലാം ആഹ്ലാദവും നൊന്പരവും ഒരുപോലെ ഹൃദയത്തിലേക്ക് പകർന്നാണ് നിരഞ്ജൻ പഞ്ചാരി കൊട്ടിത്തീർത്തത്. തായന്പകയിലേക്ക് തിരിഞ്ഞത് അതിന്റെ അടുത്തയാഴ്ച. ആഴ്ചയിൽ രണ്ടു മണിക്കൂറായിരുന്നു പരിശീലനം. സ്വന്തമായി വാങ്ങിയ ചെണ്ടയിൽ നിരഞ്ജൻ കൊട്ടിപ്പഠിച്ചു.
ആനയും പൂരവും മേളവും എന്നു കേട്ടാൽ ഇടംവലം നോക്കാതെ ചാടിപ്പുറപ്പെടുന്ന അച്ഛൻ ഗിരീഷ്കുമാറിനൊപ്പം പൂരപ്പറന്പുകളിൽ മേളവും പഞ്ചവാദ്യവും തായന്പകയുമൊക്കെ കേട്ടാണ് കുഞ്ഞുനിരഞ്ജന് വാദ്യക്കന്പം മനസിൽ കയറിയത്.കൊട്ടൊന്നു കേട്ടാൽ കുഞ്ഞുകൈവിരലുകളാൽ താളംപിടിക്കുന്ന നിരഞ്ജന്റെ ഉള്ളിലിരുപ്പ് അച്ഛനും അമ്മയും തിരിച്ചറിഞ്ഞു.
പടിയം മുറ്റിച്ചൂർ കൊലയാംപറന്പത്ത് ഗിരീഷ്കുമാർ-ബിന്ദു ദന്പതികൾക്ക് തങ്ങളുടെ രണ്ടാമത്ത മകനെ ചെണ്ട പഠിക്കാൻ വിടാൻ പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ഈ വരുന്ന 16ന് ചെറുശേരി ശ്രീകുമാറിന്റെ ശിക്ഷണത്തിൽ തായന്പക അഭ്യസിച്ച അഞ്ചു ചെറുബാല്യക്കാരുടെ അരങ്ങേറ്റം ചൂരക്കോട് ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ വൈകീട്ട് ആറരയ്ക്കാണ്.
കസേരയിൽ ചെണ്ട കെട്ടിവെച്ചാണ് നിരഞ്ജൻ കൊട്ടുക. കാഞ്ഞാണി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ നിരഞ്ജൻ 2018ലെ സംസ്ഥാന ഭവൻസ് കലോത്സവത്തിന് സ്വാഗതമോതി പഞ്ചാരിമേളം കൊട്ടിയിട്ടുണ്ട്. ഫുട്ബോളിലും പ്രസംഗത്തിലും പെരുത്തിഷ്ടമുള്ള നിരഞ്ജൻ മനസു നിറയെ ആരാധിക്കുന്നത് പത്മശ്രീ പെരുവനം കുട്ടൻമാരാരേയും മട്ടന്നൂർ ശങ്കരൻകുട്ടിയേയുമാണ്.
തായന്പകയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന അഞ്ചംഗസംഘത്തിലെ അച്യുത് ഭാസ്കർ, തേജസ് ലാൽ, അതുൽകൃഷ്ണ, മാധവ് എന്നിവർ നിരഞ്ജനൊപ്പമുണ്ട്. താങ്ങും തണലും സഹായവുമായി. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അവസ്ഥയെന്നാണ് ഡോക്ടർമാർ ഗിരീഷിനോടും ബിന്ദുവിനോടും നിരഞ്ജന്റെ വൈകല്യത്തെക്കുറിച്ച് പറഞ്ഞത്. ആ ലക്ഷത്തിലൊരുവന് ഒരു ലക്ഷ്യമുണ്ട്…..നാടാകെ അറിയുന്ന ഒരു വാദ്യക്കാരനാവുക…