ഗാന്ധിനഗർ: പ്രസവത്തോടനുബന്ധിച്ച് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്നും പ്രസവ സമയത്ത് അപൂർവം ചിലർക്കുണ്ടാകുന്ന നിയന്ത്രണാതീതമായ രക്തസ്രാവം മൂലമാണെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നിനാണ് ആർപ്പൂക്കര ഇല്ലിച്ചിറ ഷാജി-ശാന്തമ്മ ദന്പതികളുടെ മകളും കോട്ടയം കൊല്ലാട് സ്വദേശി നിബുവിന്റെ ഭാര്യയുമായ അഞ്ജന (27)മരിച്ചത്. ആഴ്ചകളായി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ കഴിയുന്നതിനിയിലാണ് സാധാരണപ്രസവം നടന്നത്.
പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായി ശരീര ഉഷ്മാവ് താഴുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണശേഷം ബന്ധുക്കളിൽ ചിലർ ചികിത്സാ പിഴവ് മൂലമാണു മരിച്ചതെന്ന് ആരോപിച്ച് ആശുപത്രിയിൽ ബഹളംവച്ചിരുന്നു.
രേഖാമൂലം പരാതി നൽകിയാൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടി വരുമെന്നുള്ളതിനാൽ പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന താല്പര്യത്തിന്റെ പേരിൽ പരാതി നൽകാതെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹം സംസ്കരിച്ചതിനുശേഷമാണ് ചികിത്സാപിഴവ് ആരോപിച്ച് ആശുപത്രി അധികൃതർക്ക് പരാതി നൽകിയത്.
ആർഎംഒ ഡോ. ആർ.പി. രഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.
ഗൈനക്കോളജി വിഭാഗത്തിലെ ചില ജൂണിയർ വനിതാ ഡോക്ടർമാർ ലേബർ റൂമിൽപ്പോലും സഭ്യേതര ഭാഷകളിൽ പ്രസവത്തിനെത്തുന്നവരോട് സംസാരിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു.