തൊടുപുഴ: ജനവാസ മേഖലകളിൽ ഇന്നലെ രാത്രി കാട്ടുതീ പടർന്നു പിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിൽ അഗ്നി പല മേഖലകളിലേക്കും വ്യാപകമായ തോതിൽ പടർന്നതോടെ നൂറു കണക്കിന് ഏക്കർ കൃഷിയിടം കത്തി നശിച്ചു.
റബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾ അഗ്നിക്കിരയായി. ചീനിക്കുഴി, പെരിങ്ങാശേരി, ഇളംദേശം, മുട്ടം നീലൂർ, മേലുകാവ്, കന്യാമല എന്നിവിടങ്ങളിലാണ് തീ പിടിച്ചത്.
ഇളംദേശത്ത് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലാണ് തീ പിടിച്ചത്. ഇളംദേശം ഗവ.ആശുപത്രിക്കു സമീപത്തു നിന്നാണ് തീ പടർന്നത്. ഇവിടെ ഏക്കറുകണക്കിന് കൃഷിയിടത്തിലെ വിളകൾ കത്തി നശിച്ചതായാണ് വിവരം.
നാട്ടുകാരും തൊടുപുഴ, കല്ലൂർക്കാട്, മൂലമറ്റം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർയൂണിറ്റുകളും ഏറെ നേരം പണിപ്പെട്ടാണ് പലയിടത്തും തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ അർധരാത്രിക്കു ശേഷവും പല ഭാഗത്തും തീ പടർന്നിരുന്നു.
മകരം 28 ആയതിനാൽ പുതുകൃഷിയിറക്കുന്നതിനായി പലരും കൃഷിയിടങ്ങളിൽ തീയിട്ടത് പടർന്നു പിടിക്കുകയായിരുന്നെന്നും പറയപ്പെടുന്നു. തീ പടർന്നതോടെ ഫയർഫോഴ്സ് യൂണിറ്റുകൾക്കും വിശ്രമമില്ലാതെ ഓടേണ്ടി വന്നു.
തൊടുപുഴ ഫയർഫോഴ്സ് എട്ടു സ്ഥലത്താണ് ഇന്നലെ തീയണയ്ക്കാൻ പോയത്. മൂലമറ്റത്തു നിന്നു നാലു സ്ഥലങ്ങളിൽ തീ കെടുത്താൻ പോകേണ്ടി വന്നു.