കടുത്തുരുത്തി: തിരിഞ്ഞു നോക്കാനാളില്ലാതെ പൊതുകിണറുകൾ നശിക്കുന്നു. കനത്ത വെയിലിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പലയിടത്തും ഉപേക്ഷിക്കപെട്ട നിലയിലുള്ള പൊതുകിണറുകൾ സംരക്ഷിക്കാൻ നടപടികളില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
നാട്ടിൻപുറങ്ങളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻ പറ്റിയ ഏറ്റവും സഹായകമാണ് കടുത്ത വേനൽകാലത്തും നിറയെ വെള്ളമുള്ള പൊതുകിണറുകൾ.
എക്കാലത്തും നിറയെ ശുദ്ധജലം കിട്ടുന്ന പൊതുകിണറുകളാണ് അധികൃതരുടെ അവഗണന കൊണ്ട് നശിക്കുന്നത്. കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ, ഞീഴൂർ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലകളിലെല്ലാം തന്നെ പല വാർഡുകളിലായി ഒന്നിലേറെ പൊതുകിണറുകളുണ്ട്.
പഞ്ചായത്ത് അധികൃതർ കുടിവെള്ള പദ്ധതികൾക്ക് ലക്ഷങ്ങൾ അനുവദിക്കുന്പോൾ നിലവിൽ സമൃദ്ധമായി നാടിന് കുടിനീര് നൽകാൻ കഴിയുന്ന പൊതുകിണറുകളെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
നിർമിച്ചു രണ്ട് വർഷം കഴിയും മുന്പ് തന്നെ മിക്ക കുടിവെള്ള പദ്ധതികളും പണി മുടക്കും. മോട്ടോറുകളുടെ തകരാർ, താങ്ങാനാവാത്ത വൈദ്യുതി കുടിശിഖ, ജലവിതരണ പൈപ്പുകളുടെ പൊട്ടൽ, പദ്ധതി കിണറുകളിൽ വേനൽ കാലങ്ങളിൽ വെള്ളം വറ്റുന്നത് എന്നിങ്ങനെ പലവിധ കാരണങ്ങളാൽ പുതിയ പദ്ധതികൾ നിലയ്ക്കുന്ന അവസ്ഥയാണ്.
പിന്നീട് ലക്ഷങ്ങൾ വീണ്ടും ചിലവഴിച്ചാണ് പദ്ധതികളുടെ അറ്റകുറ്റപണികൾ നടത്തുന്നത്. എന്നാൽ, ചില കുടിവെള്ള പദ്ധതികൾ അറ്റകുറ്റപണികൾ നടത്താതെ നശിപ്പിക്കുന്നുമുണ്ട്.
പ്രദേശത്തെ ഓരോ പഞ്ചായത്തുകളിലും ഇരുപതോളം പൊതുകിണറുകളുണ്ടെന്നാണ് ജനപ്രതിനിധികൾ തന്നെ പറയുന്നത്. ഇവയിൽ ഭൂരിഭാഗവും അധികൃതർ തിരിഞ്ഞുനോക്കാതെ നശിക്കുകയാണ്. മാലിന്യം തള്ളിയും കാടുമൂടിയും പൊട്ടി പൊളിഞ്ഞു കിണറുകൾ നാശാവസ്ഥയിലാണ്.
പതിറ്റാണ്ടുകൾക്ക് മുന്പ് ദീർഘവീക്ഷണത്തോടെ വേനൽകാലങ്ങളിൽപോലും സമൃദ്ധമായി ശുദ്ധജലം കിട്ടുന്ന തരത്തിൽ നിർമിച്ച കിണറുകൾ ഉപയോഗപ്പെടുത്തുന്ന തരത്തിൽ പഞ്ചായത്ത് അധികൃതർ പുതിയ കുടിവെള്ള പദ്ധതികൾ പോലും ആസൂത്രണം ചെയ്തു നടപ്പാക്കുന്നില്ല.
ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന പദ്ധതികൾ രണ്ട് വർഷം പോലും കാര്യക്ഷമമായി പ്രവർത്തിക്കാത്ത സാഹചര്യമുള്ളപ്പോൾ, ആയിരങ്ങൾ മാത്രം മുടക്കിയാൽ നാട്ടിൻപുറങ്ങളിലെ പാതയോരങ്ങളിലുള്ള പൊതുകിണറുകളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനും നാട്ടുകാർക്ക് ശുദ്ധജലം നൽകാനുമാവുമെന്നതാണ് യാഥാർത്ഥ്യം.
അധികൃതർ തയാറായാലേ മാലിന്യം കൊണ്ടും കാട് മൂടിയും നാശാവസ്ഥയിലായ പൊതുകിണറുകൾക്ക് ശാപമോക്ഷമാവൂ.