ഡൽഹി: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊന്ന സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കുടുംബത്തിന് സംരക്ഷണം നൽകുന്നതിൽ വീഴ്ച പറ്റിയതിനാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ഡൽഹിയിലാണ് സംഭവം.
ആറു മാസം മുന്‍പായിരുന്നു പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് പ്രതിയെ പിടികൂടിയിരുന്നില്ല.
ഒളിവിൽ പോയ പ്രതിയുടെ സ്വത്ത് കോടതി നിർദേശത്തെത്തുടർന്ന് കണ്ടുകെട്ടിയിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ബീച്ച്മാൻ ഉപാധ്യായ നിരന്തരം കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
കേസ് പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പ്രതി കഴിഞ്ഞ ഒന്നിന് പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് കുടുംബം വീണ്ടും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തിങ്കളാഴ്ച അർധരാത്രിയിൽ ന്യൂതിലക് നഗറിൽ പെണ്‍കുട്ടിയുടെ അന്‍പത് വയസുള്ള പിതാവിനെ ബീച്ച്മാൻ ഉപാധ്യായയും മറ്റ് മൂന്നുപേരും ചേർന്ന് വെടിവച്ചു വീഴ്ത്തുകയായിരുന്നു. കൊലപാതകിയെ കണ്ടെത്താൻ അഞ്ചംഗ സംഘത്തെ രൂപികരിച്ചതായി പോലീസ് അറിയിച്ചു.