ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ നരേഷ് യാദവിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് നരേഷ് യാദവിനും സംഘത്തിനും നേർക്കാണ് വെടിവയ്പുണ്ടായത്. പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
എന്നാൽ അക്രമിയുടെ ലക്ഷ്യം എംഎൽഎയായിരുന്നില്ലെന്നാണ് ഡൽഹി പോലീസ് പറയുന്നത്. വെടിവയ്പിൽ മരിച്ചയാൾ തന്നെയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നും അഡീഷണൽ ഡിസിപി ഇംഗിത് പ്രതാപ് സിംഗ് പറഞ്ഞു.
മൂന്നഗസംഘമാണ് ആക്രമണം നടത്തിയത്. ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു. ഇയാളുടെ ലക്ഷ്യം എംഎൽഎയായിരുന്നില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ടയാളെ ലക്ഷ്യമാക്കിയാണ് ഇയാൾ എത്തിയതെന്നും അഡീഷണൽ ഡിസിപി അറിയിച്ചു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി വൻവിജയം നേടി അധികാരത്തുടർച്ച ഉറപ്പിച്ചതിന് പിന്നാലെ നരേഷ് യാദവ് നടത്തിയ വിജയാഘോഷ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. പാർട്ടി എംഎൽഎയുടെ നേർക്ക് വധശ്രമമുണ്ടായിയെന്നായിരുന്നു എഎപിയുടെ പ്രതികരണം.
തങ്ങൾക്കു നേരെയുണ്ടായ ആക്രമണം തികച്ചും നിർഭാഗ്യകരമാണെന്ന് ആം ആദ്മി എംഎൽഎ നരേഷ് യാദവ് പ്രതികരിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം തനിക്കറിയില്ല.
എല്ലാം പെട്ടെന്നായിരുന്നു സംഭവിച്ചത്. അക്രമികൾ ഏകദേശം നാലു തവണ വെടിയുതിർത്തു. തന്റെ വാഹനവും ആക്രമിക്കപ്പെട്ടെന്ന് അദേഹം പറഞ്ഞു. എന്നാൽ ഇതിനെ തള്ളിയാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.