വൈപ്പിൻ: കാളമുക്ക് ഗോശ്രീ പാലത്തിന്റെ അപ്രോച്ചിലും റോഡു വക്കിലുമുള്ള വഴി വാണിഭക്കാരെ പോലീസ് ഒഴിപ്പിച്ചു. ഇന്നലെ വൈകുന്നേരം എസിപി വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വഴിവാണിഭക്കാരെ ഒഴിപ്പിച്ചത്.
ഗോശ്രീ പാലത്തിലെ അനധികൃത പാർക്കിംഗും വഴിവാണിഭവും ഗതാഗത തടസം സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എളങ്കുന്നപ്പുഴ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ അനിൽ പ്ലാവിയൻസ്, മനോജ് ഒരുമ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇത് പരിഗണിച്ച കോടതി ഈ മാസം 19ന് സിറ്റി ട്രാഫിക്ക് ചുമതലയുള്ള എസിപിയോട് നേരിട്ട് ഹാജരായി വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടതിനിടയിലാണ് പോലീസ് നടപടി.
ഈ ഹർജിപരിഗണിക്കുന്ന സമയത്ത് തന്നെ ഹൈക്കോടതി ജഡ്ജി അമിത് റാവൽ കണ്ടെയ്നർ റോഡിലെ അനധികൃത പാർക്കിംഗും ഇതേത്തുടർന്നുള്ള വിഷമതകളും നേരിൽ കണ്ടറിഞ്ഞിരുന്ന സാഹചര്യത്തിൽ കണ്ടെയ്നർ റോഡിലെ അനധികൃത പാർക്കിംഗ് സംബന്ധിച്ചും പോലീസിനോട് വിശദീകരണം തേടിയിരുന്നു.
ഇന്നലെ ഫ്രൂട്ട്സ് വിൽക്കുന്നവരെ ഒഴിവാക്കിയെങ്കിലും ഈ ഭാഗത്ത് ജിഡയുടെ അധീനതയിലുള്ള ഭൂമി കൈയേറി സ്ഥാപിച്ചിട്ടുള്ള അനധികൃത മത്സ്യസ്റ്റാളുകൾ പോലീസ് ഒഴിപ്പിച്ചിട്ടില്ല.
പോലീസ് എത്തിയ സമയത്ത് ഈ മേഖലയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ഉടമകളിൽനിന്നു പിഴ ഈടാക്കി. ഫ്രൂട്ട്സ് കച്ചവടക്കാരോട് സാധനങ്ങൾ എടുത്തു മാറ്റാൻ ആദ്യം പോലീസ് നിർദ്ദേശം നൽകിയെങ്കിലും ചിലർ ഇത് കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് പോലീസ് സാധനങ്ങൾ എടുത്തുമാറ്റി ഒഴിപ്പിക്കുകയായിരുന്നു.
ഈ ഭാഗത്ത് ഇതര സംസ്ഥാനങ്ങളിൽനിന്നു മത്സ്യവുമായെത്തുന്ന വലിയ വാഹനങ്ങൾ നിർത്തിയിട്ട് മത്സ്യകച്ചവടം നടക്കുന്നതിനാൽ പാലത്തിലേക്ക് കയറുന്ന ഭാഗത്ത് എപ്പോഴും ഗതാഗത തടസമുണ്ടാകാറുണ്ട്.
എന്നാൽ ഇപ്പോൾ മത്സ്യങ്ങൾ കുറവായതിനാൽ ഇന്നലെ പോലീസ് എത്തുന്പോൾ മത്സ്യവാഹനങ്ങൾ ഇല്ലായിരുന്നു. ഇന്നു മുതൽ ഇവിടെ അനധികൃത പാർക്കിംഗിനെതിരേ പോലീസ് കർശന നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.