തൃശൂർ: കേന്ദ്രസർക്കാർ പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ് സാച്ചുറേഷൻ ജില്ലയിൽ ഉടൻ നടപ്പിലാക്കുമെന്നു ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
പദ്ധതി നിർവഹണത്തിനായി ജില്ലാ ലീഡ് ബാങ്ക് മാനേജർ കെ.കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നബാർഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ സാന്പത്തിക സഹായം ലഭിച്ച കർഷകർക്കും ഫെബ്രുവരി 24നു മുന്പായി പദ്ധതി നിബന്ധനകൾക്കു വിധേയമായി കെസിസി വായ്പ ലഭ്യമാക്കും.
പദ്ധതി പൂർത്തീകരണത്തിനായി ഓരോ ബാങ്കിനും ടാർജറ്റ് നൽകി. മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയ്ക്കുള്ള പ്രവർത്തന മൂലധനത്തിനും കെസിസി വായ്പ ലഭ്യമാണ്.
കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകൾ നാലു ശതമാനം പലിശയിൽ ലഭിക്കും. 1.60 ലക്ഷം വരെയുളള വായ്പകൾക്ക് ഈടു നൽകേണ്ടതില്ല.
ജില്ലയിലെ എല്ലാ വാണിജ്യബാങ്കുകൾ, സഹകരണബാങ്ക്, ഗ്രാമീണ ബാങ്ക് മുഖേന ഈ വായ്പ ലഭ്യമാണ്. വായ്പ എടുക്കാത്ത അർഹതപ്പെട്ട കർഷകർ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
യോഗത്തിൽ ജില്ലാ ലീഡ് ബാങ്ക്, നബാർഡ്, വിവിധ ബാങ്ക് മാനേജർമാരും കൃഷി, മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മേധാവികളും പങ്കെടുത്തു.