ചാലക്കുടി: ഒന്നരവർഷംമുന്പ് വീട്ടിൽനിന്നും മോഷണംപോയ മൂന്നു പവന്റെ സ്വർണമാല തിരിച്ചെത്തി. വെള്ളാഞ്ചിറ അരിക്കാടൻ ജോജുവിന്റെ വീട്ടിൽനിന്നും മോഷണം പോയ മാലയാണ് വീട്ടിൽ തിരിച്ചെത്തിയത്.
ഒന്നരവർഷംമുന്പ് പുലർച്ചെ ജോജുവിന്റെ ഭാര്യ ടിനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ സ്വർണമാല ഉൗരി അലമാരയിൽവച്ചതായിരുന്നു. വൃദ്ധയായ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ആശുപത്രിയിലേക്ക് പോകുന്പോൾ ജോജു അമ്മയോട് മാല അലമാരയിൽവച്ചിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. അമ്മ ഇതു കേട്ടതുമില്ല.അടുത്തുള്ള മകളുടെ വീട്ടിലേക്ക് അമ്മ പോകുകയും ചെയ്തു. ആശുപത്രിയിൽനിന്നും തിരിച്ചെത്തിയപ്പോഴാണ് മാല മോഷണം പോയതായി അറിയുന്നത്.
നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടാൻ നേർച്ചകളും പ്രാർഥനകളുമായി കഴിയുകയായിരുന്നു കുടുംബം. കഴിഞ്ഞദിവസം ജോജുവിന്റെ അമ്മ എന്തോ ശബ്ദം കേട്ട് വീടിനു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് ഒരു പേഴ്സ് കിടക്കുന്നത് കണ്ടത്.
പഴ്സ് തുറന്നുനോക്കിയപ്പോൾ ഒന്നരവർഷം മുന്പ് കാണാതായ മാലയായിരുന്നു. മാല മോഷ്ടിച്ചുകൊണ്ടുപോയ മോഷ്ടാവിന് മാനസാന്തരം തോന്നിയപ്പോൾ മാല തിരികെ കൊണ്ടിട്ടിട്ടതാകാമെന്നാണ് കരുതുന്നത്.
ജോജു ഗൾഫിൽ ജോലി ചെയ്ത് ഉണ്ടാക്കിയ പണംകൊണ്ട് വാങ്ങിയതായിരുന്നു സ്വർണമാല.