ഡിജിപി ലോക്നാഥ് ബെഹ്റയെ വെട്ടിലാക്കി കംപ്്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ഗുരുതര ആരോപണങ്ങളാണ് ബെഹ്റയ്ക്കെതിരേ സിഎജി ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം ആംഡ് പൊലീസ് ബറ്റാലിയനിൽ (എസ്എപിബി) 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 കാർട്രിഡ്ജുകളും കുറവാണെന്നാണ് കണ്ടെത്തൽ.
പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച രണ്ടുകോടി എണ്‍പത്തൊന്ന് ലക്ഷം രൂപ ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്നും സിഎജി കണ്ടെത്തി. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിനുപകരം ടെന്‍ഡറില്ലാതെ ആഡംബരവാഹനങ്ങള്‍ വാങ്ങുകയാണ് ചെയ്തത്.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗരേഖയും നടപടിക്രമങ്ങളും പാലിച്ചില്ലെന്നും സിഎജി കണ്ടെത്തി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിട്ടതായി റവന്യൂവകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പക്ഷേ പോലീസിനെതിരായ വിശദീകരണങ്ങളാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ ചര്‍ച്ചയാക്കുന്നത്. പൊലീസിലെ ഫണ്ടില്‍ അഴിമതി നടക്കുന്നുണ്ടെന്ന വ്യക്തമായ സൂചനകളാണ് റിപ്പോര്‍ട്ടിലുള്ളത്.
കേരളാ പോലീസിലെ ഏറ്റവും സീനിയറായ ജേക്കബ് തോമസിനെ തളര്‍ത്താനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ബെഹ്റയായിരുന്നു. ഇതിനിടെയാണ് ലോക്നാഥ് ബെഹ്റയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ സിഎജി നടത്തുന്നത്. കാറുകള്‍ വാങ്ങുന്നത് നിരോധിച്ചിരിക്കുന്ന എംഒപിഎഫ് പദ്ധതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ 2013-18 കാലഘട്ടത്തില്‍ ലംഘിച്ചു.
പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥരുടേയും പദ്ധതി മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ഓപ്പറേഷണല്‍ യുണിറ്റുകളായി കണക്കാക്കാത്ത സിബിസിഐഡി തുടങ്ങിയവയുടേയും ഉപയോഗത്തിനായി ആഡംബരകാറുകള്‍ വാങ്ങിച്ചു. 269 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ 15 ശതമാനവും ഇത്തരത്തിലുള്ള ആഡംബര വാഹനമായിരുന്നു. പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാനാണ് പണം വകമാറ്റിയത്.
പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്മ ഇന്‍വോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദര്‍ഘാസ് നടത്താതിരിക്കാന്‍ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകള്‍ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാറിന്റെ വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം രൂപ നല്‍കുകയും ചെയ്തു. 2017ലെ ടെക്നിക്കല്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി വിമര്‍ശിച്ചു.
തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ ലോങ് റേഞ്ച് ഫയറിങ് നടത്തുന്നതിനായി നല്കിയ 200 എണ്ണം 7.62 എംഎം വെടിയുണ്ടകള്‍ കുറവുള്ളതായി 2015ല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ ബി കമ്പനി ഓഫിസര്‍ കമാന്‍ഡിങ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആയുധങ്ങള്‍ തിരുവനന്തപുരത്തെ പൊലീസ് ചീഫ് സ്റ്റോറില്‍നിന്നു വിതരണം ചെയ്തതിനാല്‍ സീല്‍ ചെയ്ത പെട്ടിയിലുണ്ടായിരുന്ന വിവരങ്ങളാണ് സ്റ്റോക്കില്‍ രേഖപ്പെടുത്തിയതെന്നു പറഞ്ഞ് അധികൃതര്‍ ന്യായീകരിച്ചു.
പൊലീസ് ചീഫ് സ്റ്റോര്‍ അധികൃതര്‍ 2016ല്‍ ഇക്കാര്യം നിഷേധിച്ചു. 7.62 എംഎം വെടിയുണ്ടകളുടെ കാര്യം വിശദമായി പരിശോധിക്കാന്‍ തുടര്‍ന്ന് ഡിജിപി ഉത്തരവിട്ടു. പെട്ടിയില്‍ കൃത്രിമം കാണിച്ചതിന്റെ സൂചനകളാണ് ലഭിച്ചത്. 2016 നവംബറിലെ കണക്കനുസരിച്ച് 7433 എണ്ണം 7.62 എംഎം വെടിയുണ്ടകളുടെ കുറവുണ്ട്.
കാണാതായ വെടിക്കോപ്പുകള്‍ കണ്ടെത്താനോ വഞ്ചനാപരമായി വെടിയുണ്ടകള്‍ മാറ്റി പാക്കു ചെയ്ത ഉദ്യോഗസ്ഥരുടെമേല്‍ നടപടി എടുക്കാനോ പൊലീസ് തയാറായില്ലെന്ന് ഓഡിറ്റ് കണ്ടെത്തി. 7.62 എംഎം വെടിയുണ്ടകളുടെ കുറവ് 2018 ഒക്ടോബര്‍ മാസത്തില്‍ 8398 ആയി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കണക്ക് കൃത്യമായി സൂക്ഷിക്കുമെന്നും ആയുധം നഷ്ടപ്പെടില്ലെന്നുമുള്ള ഉറപ്പ് സിഎജിക്ക് സര്‍ക്കാരില്‍നിന്നു ലഭിച്ചിട്ടില്ല. രേഖകള്‍ സൂക്ഷിക്കുന്നതില്‍ ഉപേക്ഷവന്നു എന്ന് സര്‍ക്കാര്‍ സിഎജിയോട് സമ്മതിച്ചു.
എല്ലാ യൂണിറ്റുകളിലും ഉള്ള ആയുധങ്ങളുടെ സമഗ്രമായ ഓഡിറ്റിങ് അടുത്ത നാലു മുതല്‍ ആറുമാസം കൊണ്ട് നടത്തുമെന്നാണ് സര്‍ക്കാര്‍ സിഎജിയെ അറിയിച്ചിരിക്കുന്നത്. പൊലീസ് ചീഫ് സ്റ്റോര്‍ ഉള്‍പ്പെടെ എല്ലാ ബറ്റാലിയനുകളിലും പൊലീസ് സ്റ്റേഷനുകളിലും ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കണക്കെടുപ്പ് നടത്തണമെന്നു സിഎജി നിര്‍ദേശിച്ചു.
തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ 200 വെടിയുണ്ടകള്‍ കുറവാണ്. തൃശൂരില്‍ വെടിയുണ്ട സുക്ഷിച്ചിരുന്ന പെട്ടിയില്‍ കൃത്രിമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. വെടിക്കോപ്പുകള്‍ നഷ്ട്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്ന് സിഎജി പറയുന്നു.
ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന വിമര്‍ശനവും സിഎജി റിപ്പോര്‍ട്ടിലുണ്ട്. 2013 മുതല്‍ 2018 വരെയുള്ള 9285 കേസുകളില്‍ തീര്‍പ്പായില്ല . പോക്സോ കേസുകളും ഇതില്‍ ഉള്‍പ്പെടും . മിച്ച ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമര്‍ശനം. അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വന്നുവെന്നാണ് കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.