ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിന്റെ മറവിൽ രാജ്യത്ത് ഒരു കുടുംബത്തിൽ രണ്ടു കുട്ടികളിൽ കൂടുതൽ പാടില്ലെന്ന നിർദേശവുമായി ശിവസേന പാർലമെന്റിൽ.
ശിവസേന എംപി അനിൽ ദേശായി ആണ് രാജ്യസഭയിൽ ജനസംഖ്യാ നിയന്ത്രണത്തിനു രണ്ടു കുട്ടികൾ എന്ന നിബന്ധനയുൾപ്പെടെ ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചത്.
ചെറിയ കുടുംബങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും വലിയ കുടുംബങ്ങളുടെ മേൽ അധിക നികുതി ചുമത്തണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.
ഒരു കുടുംബത്തിൽ രണ്ടു കുട്ടികളിൽ കൂടുതൽ പാടില്ല. നികുതി, ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇളവുകൾ നൽകി സർക്കാർ ചെറിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം. രണ്ടു കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്കു സബ്സിഡികൾ ഉൾപ്പെടെ എല്ലാ ഇളവുകളും റദ്ദാക്കണം.
ഭരണഘടനയിൽ സംസ്ഥാനങ്ങൾക്കുള്ള ഡയറക്റേറ്റീവ് പ്രിൻസിപ്പിൾസ് ഓഫ് സ്റ്റേറ്റ് പോളിസീസ് എന്ന ഭാഗത്ത് ഭേദഗതി വരുത്തി പുതിയ വ്യവസ്ഥ ചേർക്കണമെന്നാണ് അനിൽ ദേശായിയുടെ സ്വകാര്യ ബില്ലിൽ പറയുന്നത്.
പോഷകാഹാരത്തിനും പൊതുജനാരോഗ്യത്തിനും സംസ്ഥാന സർക്കാരുകൾ സത്വര നടപടിയെടുക്കണം എന്നു വ്യക്തമാക്കുന്ന ഭരണഘടനയിലെ 47-ാം വകുപ്പിനുശേഷം ജനസംഖ്യ നിയന്ത്രണത്തിനായി 47 എ എന്നൊരു വകുപ്പു കൂടി കൂട്ടിച്ചേർക്കണമെന്നാണ് ആവശ്യം.
സെബി മാത്യു