എംജെ ശ്രീജിത്ത്
തിരുവനന്തപുരം: പോലീസ് ആയുധശേഖരത്തിൽനിന്ന് വെടിയുണ്ടകളും റൈഫിളുകളും കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ ജെ തച്ചങ്കരി നിയമിച്ചു. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
രണ്ടുമാസം മുന്‍പാണ് ഇക്കാര്യം സിഎജി കണ്ടെത്തിയത്. ഇതേക്കുറിച്ച് പേരൂർക്കട പോലീസിൽ പരാതിയും നൽകി. ഈ പരാതി അന്വേഷണം നടത്താതെ പൂഴ്ത്തിവയ്ക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നത്.
ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് മേധാവി ഈ വിഷയത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നത്. സംഘം ഉടൻ തന്നെ എസ്എപി ക്യാന്പിലടക്കം പരിശോധന നടത്തുകയും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്യും.
ഇതോടൊപ്പം വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ കെഎപി മൂന്ന് കമാൻഡന്റ് വകുപ്പ് തല അന്വേഷണം നടത്തുകയാണ്. ഈ അന്വേഷണത്തിൽ 11 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടത്തിയിട്ടുണ്ട്. ഇവർക്കെതിരേയും അന്വേഷണം ഉണ്ടാകും.
അതേസമയം ഇക്കാര്യത്തിൽ ഇതുവരെ കൃത്യമായ വിശദീകരണം നൽകാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനോ ഡിജിപി ലോക്നാഥ് ബഹ്റയെ തയ്യാറായിട്ടില്ല.
രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവത്തെക്കുറിച്ച് എൻഐ എ അന്വേഷണവുമായി പ്രതിപക്ഷം ഇതിനകം രംഗത്ത് എത്തിയിട്ടുണ്ട്. ഡിജിപിയെ മാറ്റി നിർത്തിയുള്ള അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നത്.
എന്നാൽ സിഎജി റിപ്പോർട്ടിനെ തള്ളിക്കൊണ്ടുള്ള നിലപാടിലാണ് പോലീസ്. ഇക്കാര്യം കോടതിയിൽ റിപ്പോർട്ട് നൽകി തത്കാലം തടിയൂരാമെന്നുള്ള കണക്കൂകൂട്ടലിലാണെന്ന് അറിയുന്നു.
പേരൂര്‍ക്കട എസ്എപി ക്യാംപിലേക്കുള്ള ഇരുപത്തഞ്ച് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളും കാണാനില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.