കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോടും സമീപ ജില്ലകളിലുമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. പെരുമണ്ണ സ്വദേശി എ.വി.മുഹമ്മദിനെയാണ് കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മറ്റൊരു സ്ഥാപനത്തിന്റെ മറവിൽ നിരവധിപേരെ തട്ടിപ്പിനിരയാക്കിയശേഷം കല്ലായ് റോഡിലെ പുഷ്പ ജംഗ്ഷനില്‍ ഇസ്മ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്റെ മറവിൽ മുഹമ്മദ് തട്ടിപ്പ് തുടർന്നുവരികയായിരുന്നു.
നേരത്തെ മാങ്കാവ് മിനി ബൈപ്പാസ് റോഡില്‍ ഒവൈസ് എച്ച്ആര്‍ സൊലൂഷന് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു. ദുബായിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം നല്‍കിയാണ് മുഹമ്മദ് വിസ തട്ടിപ്പ് നടത്തിയത്.
ഒവൈസ് എച്ച്ആര്‍ സൊലൂഷന് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം വഴി നിരവധി പേരില്‍ നിന്ന് പണം വാങ്ങി ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതായി കസബ പോലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പിടികൂടാനായിരുന്നില്ല.
പിന്നീടാണ് പുഷ്പ ജംഗ്ഷന് സമീപം ഇസ്മ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. ഈ സ്ഥാപനം വഴിയും ഇയാള്‍ തട്ടിപ്പ് നടത്തുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുമ്പും മുഹമ്മദ് തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന വിവരം പോലീസിന് അറിയാനായത്.
കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തിയാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. നിരവധി പേരില്‍ നിന്നായി ഇയാള്‍ ലക്ഷങ്ങള്‍ അഡ്വാന്‍സായി വാങ്ങിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ പരാതിക്കാര്‍ പോലീസിനെ സമീപിക്കുന്നുണ്ടെന്നും മുഹമ്മദിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും കസബ പോലീസ് അറിയിച്ചു.