കോട്ടയം: കോട്ടയം കോടിമത നാലുവരി പാതയിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. ഇന്നലെ രാത്രി 10നു നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനു സമീപവും അപകടം നടന്നു.
നിയന്ത്രണം വിട്ട വാഹനം പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. വാകത്താനം സ്വദേശിയായ കാർ യാത്രക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം ഭാഗത്തുനിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു പെട്രോൾ പന്പിനു സമീപമുള്ള പോസ്റ്റിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ കാർ നേരെയാക്കിയതിനു ശേഷം യാത്രക്കാരനെ പുറത്തെടുത്തു. അതുവഴി എത്തിയ ആംബുലൻസിൽ യാത്രക്കാരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരതരമല്ല.
നാലുവരിപ്പാതയിൽ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. ഇവിടെ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിത വേഗക്കാർക്ക് അതൊന്നും ബാധകമാകാറില്ല.
അടുത്തിടെ നിരവധി അപകടങ്ങളാണ് മണിപ്പുഴ കോടിമത നാലുവരിപ്പാതയിലുണ്ടായത്. അപകടത്തിൽ നിരവധി പേർക്കു പരുക്കേൽക്കുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം നാറ്റ്പാക് സംഘം നടത്തിയ പരിശോധനയിലും കോടിമത അപകടക്കെണിയായി മാറുന്നുവെന്നു കണ്ടെത്തിയിരുന്നു.
അപകടങ്ങൾ കൂടുന്പോഴും പോലീസ്, ആർടി വകുപ്പ് അധികൃതരുടെ പരിശോധന ഇവിടെ നടക്കാറില്ല. രാത്രി, പകൽ ഭേദമെന്യെ ഇവിടെ പരിശോധന ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.