തുറവൂർ: ഇരുകരകളിലും ബന്ധിപ്പിക്കാതെ അന്ധകാരനഴി പാലത്തിന്റെ പണി നീളുന്നു. തീരദേശ ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അന്ധകാരനഴി വടക്കേപാലത്തിന്റെ പണി ഉടൻ പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു.
നിലവിൽ പാലത്തിന്റെ കൈവരികളുടെ നിർമാണമുൾപടെ പൂർത്തിയായി കഴിഞ്ഞു എങ്കിലും അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാകാതെ നീളുകയാണ്.
ഫോർട്ട് കൊച്ചി തോട്ടപ്പള്ളി തീരദേശ റോഡിലെ പ്രധാന പാലമായിരുന്നു അന്ധകാരനഴി പാലം. നിലവിൽ വടക്കേ സ്പിൽവേ പാലത്തിലൂടെയാണ് ഗതാഗതം നടത്തുന്നത്. എന്നാൽ വർഷങ്ങൾക്ക് മുന്പു തന്നെ ഈ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര സർക്കാർ നിരോധിച്ചിട്ടുള്ളതാണ്.
എങ്കിലും മറ്റു മാർഗം ഇല്ലാത്തതിനാൽ ഇപ്പോഴും ഈ പാലത്തിലൂടെയാണ് ബസുകൾ ഉൾപടെയുള്ളവയുടെ യാത്ര. തുറമുഖ വകുപ്പിന്റെ കീഴിലാണ് പാലത്തിന്റെ നിർമാണ പ്രവർത്തനം നടക്കുന്നത്. നിരവധി കരാറുകാർക്ക് മാറി മാറി കരാറുകൾ നൽകിയ ശേഷമാണ് ഇപ്പോൾ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത്.
സുനാമിക്ക് ശേഷമാണ് അന്ധകാരനഴി വടക്കേപ്പാലത്തിന്േറയും തെക്കേപ്പാലത്തിന്റെയും പണി ആരംഭിച്ചത്. തെക്കേപ്പാലം ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തിരുന്നു. അതിനു ശേഷം ഒച്ചിഴയും വേഗത്തിലായിരുന്നു ഈ പാലത്തിന്റെ നിർമാണം പുരോഗമിച്ചിരുന്നത്.
ഇതേ തുടർന്ന് ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ സമരങ്ങൾ നടത്തി. അവസാനമായി യുവജ്യോതി കെസിവൈഎം റിലേ സത്യാഗ്രഹവും നടത്തി.
ഇതേ തുടർന്ന് ജില്ലാ കളക്ടറും സർക്കാരും നേരിട്ട് ഇടപെടുകയും സമയബന്ധിതമായി പാലം പണി പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ തീരദേശത്തിന്റെ സമഗ്ര വികസനത്തിന വേഗം കൂടുമെന്നാണ് പ്രതീക്ഷ.