കൊച്ചി: ട്രാവല്‍ ഏജന്‍സിയുടെ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് വിമാനടിക്കറ്റുകള്‍ വില്‍പ്പന നടത്തി പണം തട്ടിയ കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി പോലീസ്.
കേസില്‍ കൊല്‍ക്കട്ട ശ്യാംബസാര്‍ ഷിതിജ് ഷോ (19) എന്നയാളെ ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്നലെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായ വിവരം ലഭിച്ചത്.
ഷിതിജ് ഷോയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇന്‍ഫോ പാര്‍ക്ക് പോലീസ് അറിയിച്ചു.
അതേസമയം, ഷിതിജ് കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ചും കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ട്.
കാക്കനാട് കിന്‍ഫ്രാ പാര്‍ക്കിലെ ഐടി കമ്പനി ട്രാവല്‍ ഏജന്‍സിക്ക് ഉണ്ടാക്കി നല്കിയ സ്ഫോറ്റ്വെയറാണ് യുവാവ് ഹാക്ക് ചെയ്തത്. ട്രാവല്‍ ഏജന്‍സിയുടെ വെബ്സൈറ്റില്‍ കയറി എയര്‍ലൈന്‍ ടിക്കറ്റുകള്‍ വില്പന നടത്തിയാണ് 25 ലക്ഷം രൂപയോളം തട്ടിയത്.
പ്രതി വിറ്റ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്ത കൊല്‍ക്കത്ത സ്വദേശികളെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നും അവര്‍ക്ക് കൊല്‍ക്കത്തയിലുള്ള ‘ചുട്ടി ചുട്ടി’ എന്ന ട്രാവല്‍ ഏജന്‍സി നല്‍കിയതാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെ ഷിതിജ് എന്ന യുവാവാണ് ടിക്കറ്റ് നല്‍കിയതെന്ന് ഉടമ സമ്മതിച്ചു. ഇയാള്‍ ടിക്കറ്റ് ഏജന്റാണെന്നും 20 ശതമാനം വില കുറച്ച് ടിക്കറ്റ് നല്‍കാമെന്ന് പ്രതി പറഞ്ഞതോടെയാണ് ടിക്കറ്റ് വില്പന നടത്തിയതെന്നും ‘ചുട്ടി ചുട്ടി’ ട്രാവല്‍സ് ഉടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പുങ്കുഴലിയുടെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക് സിഐ എ. അനന്തലാല്‍, എസ്ഐമാരായ എ.എന്‍. ഷാജു, ബിജു, എഎസ്ഐ അബ്ദുള്‍ ഹനീഫ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന് മാത്യു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.