സംസ്ഥാനത്തെ പോലീസ് ബറ്റാലിയനില്‍ നിന്ന് വെടിക്കോപ്പുകള്‍ കാണാതായ സാഹചര്യത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരേ ഗുരുതര ആരോപണമാണുയരുന്നത്. ഈ സാഹചര്യത്തില്‍ ബെഹ്റയെ സ്ഥാനത്തുനിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്. ബെഹ്റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് കത്ത് സമര്‍പ്പിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എനിക്ക് അത്തരം കത്തൊന്നും കിട്ടിയിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒഴുക്കന്‍ മറുപടി.
ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘സാധാരണ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ അത് ഇവിടെ പറയേണ്ട കാര്യം തന്നെയില്ല. ഇത് പറയേണ്ട ഫോറങ്ങളില്‍ വിശദീകരിക്കും’, എന്നായിരുന്നു പിണറായിയുടെ മറുപടി. ചീഫ് സെക്രട്ടറി ടോം ജോസും പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി.
ഡിജിപി ഫണ്ട് വകമാറ്റിയെന്നാണ് ലോക്നാഥ് ബെഹ്റയ്ക്കെതിരായ ആരോപണം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാതെ ആഡംബര വാഹനങ്ങള്‍ വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ മാര്‍ഗനിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, അതെല്ലാം ലംഘിച്ചാണ് ഡിജിപി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതീവ ഗുരുതരമാണെന്നും ആയുധങ്ങള്‍ നഷ്ടപ്പെട്ടതിനു പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ലോക്നാഥ് ബെഹ്റയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തണം. ആയുധങ്ങള്‍ കാണാതായ സംഭവം രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ എന്‍ഐഎ അന്വേഷിക്കണം. പൊലീസിലെ മറ്റു ക്രമക്കേടുകള്‍ സിബിഐ അന്വഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ബെഹ്റയ്ക്കെതിരേ കാര്യമായ നടപടികള്‍ ഉണ്ടാവാനിടയില്ലയെന്നാണ് മുഖ്യമന്ത്രിയുടെ ചിരി നല്കുന്ന സൂചന.