ശ്രീകണ്ഠപുരം: പെരുവളത്ത്പറമ്പ് ഗ്രാമീണ കോടതി വളപ്പിൽ മുറിവേറ്റ് അവശനിലയിലായിരുന്ന നായയ്ക്ക് പുനർജൻമം. ഒരു വർഷത്തോളമായി കോടതി വളപ്പിൽ അന്തേവാസിയായിരുന്ന നായ ഒരാഴ്ചയോളമായി മുറിവു പറ്റി ആവശ നിലയിലായിരുന്നു.
ദയനീയ അവസ്ഥകണ്ട കോടതി ജീവനക്കാർ നായയെ രക്ഷിക്കാൻ യാതൊരു വഴിയും കാണാതായതോടെ ഇരിക്കൂർ പഞ്ചായത്തിന്റെ സഹായം തേടുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അനസ്, സെക്രട്ടറി എൻ.യു. ഇബ്രാഹിം എന്നിവരുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് ജീവനക്കാരായ പി.കെ. രാജേഷ്, കെ.കെ. റഷീദ് എന്നിവർ ഇരിക്കൂർ വെറ്ററിനറി സർജൻ നിത്യ ചാക്കോയെ കോടതി വളപ്പിൽ എത്തിച്ച് നായയെ ചികിൽസിക്കുകയായിരുന്നു.
വഴിയരികിൽ ഉപേക്ഷിച്ചു പോയ നായകുട്ടി ഒരു വർഷം മുമ്പാണ് കോടതി വളപ്പിൽ എത്തിയത്. ജീവനക്കാർ ഭക്ഷണത്തിന്റെ പങ്കു നൽകി നായകുട്ടിയെ ജാനകി എന്ന് പേരിട്ടു വിളിച്ചു.
രണ്ട് മാസം മുമ്പ് കോടതി മുറ്റത്തെത്തിയ മൂർഖൻ പാമ്പിനെ അകത്ത് കയറാൻ അനുവദിക്കാതെ തുരത്തിയോടിച്ചതോടെയാണ് ജാനകി ജീവനക്കാർക്ക് പ്രിയങ്കരിയായി മാറിയത്.
തങ്ങളെ അപകടത്തിൽ നിന്ന് രക്ഷിച്ച ജാനകിക്ക് അപകടം വന്നപ്പോൾ രക്ഷിക്കാനായി സന്ധ്യ ജിനീഷ്, ജയിംസ്, സന്തോഷ്, അലി എന്നിവരുടെ നേതൃത്വത്തിലുള്ള കോടതി ജീവനക്കാർ മുന്നിട്ടിറങ്ങുകയായിരുന്നു.