സ്വന്തംലേഖകൻ
തൃശൂർ: പാചകവാതക വില വർധിപ്പിച്ചതിൽ ഏറ്റവും അധികം സന്തോഷിച്ചത് ഏജൻസികളാണ്. വില കൂട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുക്ക് ചെയ്ത സിലിണ്ടറുകൾ പല കാരണങ്ങൾ പറഞ്ഞ് വിതരണം ചെയ്യാതെ വച്ചിരിക്കയായിരുന്നു ഏജൻസികൾ.
ഡൽഹി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വില ഉയർത്തുമെന്ന് ധാരണയുണ്ടായിരുന്നതിനാലാണ് വിതരണം പരമാവധി വൈകിപ്പിച്ചത്. പലരും ബുക്ക് ചെയ്ത് സിലിണ്ടർ ലഭിക്കാതെ നെട്ടോട്ടം ഓടിയിട്ടും അടുത്ത ദിവസം വീട്ടിലെത്തിക്കുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു.
എന്നാൽ വേറെ ഗത്യന്തരമില്ലാതെ പലരും സിലിണ്ടറുകളുമായി ഏജൻസി ഓഫീസുകളിലെത്തിയപ്പോഴേക്കും വില വർധന നിലവിൽ വന്നതോടെ കൈയോടെ വിതരണവും തുടങ്ങി.
ഒറ്റയടിക്ക് 715 രൂപയുണ്ടായിരുന്നത് 861 രൂപയായാണ് തൃശൂരിൽ പല ഏജൻസികളും സിലിണ്ടർ നൽകിയത്. സിലിണ്ടർ വിതരണം വൈകിയതിനെ ചൊല്ലി പല ഏജൻസികളിലും ഉപഭോക്താക്കളുമായി വാക്കു തർക്കവും ഉണ്ടായി.
നേരത്തെ ബുക്ക് ചെയ്തതിനാൽ പഴയ വില മാത്രമേ തരാൻ സാധിക്കൂവെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. എന്നാൽ അത് പറ്റില്ലെന്നു പറഞ്ഞ് ഏജൻസികളും വാശി പിടിക്കുകയായിരുന്നു. പഴയ വിലയ്ക്കെടുത്ത സിലിണ്ടറുകളാണ് പുതിയ വിലയിൽ വിതരണം ചെയ്തത്.
ഓണ്ലൈൻ ബുക്കിംഗ് നടത്തിയ ഉപഭോക്താക്കളെയാണ് ഇത്തരത്തിൽ ദിവസങ്ങളായി കളിപ്പിച്ച് ഒടുവിൽ വില വർധന വന്നതോടെ വിതരണം തുടങ്ങിയത്. നേരത്തെ ബുക്ക് ചെയ്തവരുടെ വീടുകളിൽ ഇന്നലെ തന്നെ വളരെ ഉത്സാഹത്തോടെയാണ് ഏജൻസികൾ സിലിണ്ടറുകൾ എത്തിച്ചത്.
കൂടിയ വിലയ്ക്കാണ് വിതരണം ചെയ്തത്. കൂടാതെ ബുക്ക് ചെയ്തില്ലെങ്കിലും എത്ര സിലിണ്ടർ വേണമെങ്കിലും തരാമെന്നും പല ഏജൻസികളും ഉപഭോക്താക്കളോട് പറയുന്നുണ്ടായിരുന്നു.
വില കൂടുമെന്ന പ്രതീക്ഷയിൽ പല കാരണങ്ങൾ പറഞ്ഞ് വിതരണം വൈകിപ്പിച്ചതോടെ വൻ തുകയാണ് പല ഏജൻസികൾക്കും ലാഭമായി കിട്ടിയത്. ഒറ്റയടിക്ക് 146.50 രൂപയാണ് കൂട്ടിയത്.
850.50 രൂപയാണ് പുതിയ വില. സബ്സിഡി തുക ബാങ്കിൽ വരുമെന്നാണ് പറയുന്നത്. എത്ര വരുമെന്ന് ഇനിയും വ്യക്തതയില്ല. ഏഴു രൂപ മാത്രമാണ് സബ്സിഡിയുള്ളവർക്ക് കൂട്ടിയതെന്നാണ് പറയുന്നത്.