തിരുവില്വാമല: തന്റെ പന്തു നഷ്ടമായപ്പോൾ ഏറെ വിഷമിച്ചു അഞ്ചാംക്ലാസുകാരൻ അതുൽ. കുറേ അന്വേഷിച്ചു. കിട്ടാതായപ്പോൾ കരഞ്ഞു വീട്ടിൽ കാര്യം പറഞ്ഞു.
പന്തു തിരിച്ചുകിട്ടില്ലെന്നു തോന്നിയതോടെ മറ്റൊന്നും നോക്കിയില്ല. പഴയന്നൂർ പോലീസ് സ്റ്റേഷന്റെ ഫോൺനന്പർ തപ്പിയെടുത്തു വിളിച്ചു. ഫോണെടുത്ത പോലീസുകാരനോടു കാര്യം പറഞ്ഞു – എനിക്കെന്റെ പന്തു തിരിച്ചുകിട്ടണം…
പോലീസ് അതുലിന്റെ അമ്മയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അതുലിന്റെ സങ്കടം മാറ്റാൻ പുതിയ ഫുട്ബോൾ വാങ്ങിനൽകാമെന്നു പോലീസുകാർ പറഞ്ഞെങ്കിലും പഴയതുതന്നെ മതിയെന്നായി അതുൽ. അതോടെ പോലീസ് കളത്തിലിറങ്ങി.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോൾ എടുത്തുകൊണ്ടുപോയതു സമീപത്തെ സ്കൂളിലെ സീനിയർ വിദ്യാർഥികളാണെന്നു മനസിലായി. അതുലിന്റെ വീടിനടുത്തുള്ള ഗ്രൗണ്ടിൽ കളിക്കാൻ വന്ന കുട്ടികൾ ഫുട്ബോൾ എടുത്തുകൊണ്ടുപോയതായിരുന്നു.
അവരുമായി ബന്ധപ്പെട്ട് അതുലിന്റെ ഫുട്ബോൾ സ്റ്റേഷനിൽ എത്തിച്ചു. വിദ്യാർഥികളായതിനാൽ കേസെടുത്തില്ല. അധ്യാപകരുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി പറഞ്ഞയച്ചു.
അതുലിനു ഫുട്ബോൾ തിരിച്ചുനൽകി. തന്റെ പന്ത് തിരിച്ചുകിട്ടിയതോടെ അതുൽ ഹാപ്പി. എഎസ്ഐ പ്രദീപ്കുമാറിനും പോലീസുകാരായ ബിസ്മിത, അനീഷ് എന്നിവർക്കും അവൻ നന്ദി പറഞ്ഞു.
സിഐ മഹേന്ദ്രസിംഹൻ, എസ്ഐ ജയപ്രദീപ് എന്നിവരും ഉണ്ടായിരുന്നു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലെഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അതുൽ.