
ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി പാലത്തിൽ അപകടങ്ങൾ. പാലത്തിന്റെ സ്പാനുകൾക്കിടയിൽ സ്ഥാപിച്ച എക്സ് പാൻഷൻ ജോയിന്റ് തകരാറായത് പരിഹരിക്കാൻ പാലത്തിന്റെ പകുതിഭാഗം അടച്ചുകെട്ടിയതാണ് അപകടങ്ങൾക്ക് കാരണം.
പകുതിഭാഗം അടച്ചുകെട്ടിയത് കഴിച്ചുള്ള ഭാഗത്തുകൂടി വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.
വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഭാഗത്ത് വലിയ കുഴിയാണ്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. ഇരുചക്രവാഹനങ്ങൾ വളരെ സൂക്ഷിച്ചു കടന്നുപോയില്ലെങ്കിൽ കുഴിയിൽ വീണ് അപകടം സംഭവിക്കും.
എക്സ്പാൻഷൻ ജോയിന്റിലെ ഉരുക്കുകന്പികൾ തെന്നിമാറിയിരിക്കയാണ്. ഇവിടെ വലിയ കുഴിയും കൂടി ഉണ്ടായതോടെയാണ് അപകടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്നലെ കുഴിയിൽ വീണ് രണ്ടു ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. കാടുകുറ്റി മുൻ പഞ്ചായത്ത് അംഗം വി.കെ.മോഹനൻ, അന്നനാട് സ്വദേശി കല്ലറക്കൽ വർഗീസ് എന്നിവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.