റാന്നി: നാറാണംമൂഴി പഞ്ചായത്തിൽ പുതുതായി കോണ്‍ക്രീറ്റ് ചെയ്ത ഗ്രാമീണ റോഡുകൾ ദിവസങ്ങൾക്കകം പൊട്ടിക്കീറുന്നതായി പരാതി. ഗുണനിലവാരം പാലിക്കാത്ത നിർമാണ ജോലിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്.
അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്ന സമയത്ത് നടക്കുന്ന കോണ്‍ക്രീറ്റിംഗ് ജോലികൾക്ക് ആവശ്യമായ മുൻകരുതലുകൾസ്വീകരിക്കാത്തതാണ് തകർച്ചയ്ക്കു കാരണം.
അത്തിക്കയം – മന്ദിരം – തോണിക്കടവ് റോഡിലെ 35 മീറ്റർ കോണ്‍ക്രീറ്റാണ് പണികൾ തീർത്ത് വാഹനങ്ങൾ കടത്തിവിടും മുന്‍പ് പൊട്ടിക്കീറിയത്. പത്തോളം വിള്ളലുകൾ കണ്ടതിനെത്തുടർന്ന് നാട്ടുകാർ വാർഡംഗത്തെ പ്രതിഷേധമറിയിച്ചു. റോഡ് വിള്ളലുകൾ ഒഴിവാക്കി പുനർനിർമിച്ചില്ലെങ്കിൽ റോഡ് ഉപയോക്താക്കളായ നാട്ടുകാർ പഞ്ചായത്ത് ഓഫീസ് പിടിക്കൽ സമരത്തിനെത്താനാണ് തീരുമാനം.
കണ്ണന്പള്ളി – ഇടമണ്‍ റോഡിൽ നിന്നും തുടങ്ങുന്ന പുരയ്ക്കൽ പടി -വനത്തുംമുറി റോഡിലെ ഏതാനും മീറ്റർ ഭാഗം ആഴ്ചകൾക്ക് മുന്‍പു കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പണിതീർന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവിടെയും റോഡ് വിണ്ടുകീറിയതായി പരാതിയുയർന്നിരുന്നു.
ഇവിടെയും വീണ്ടും റോഡിൽ സിമിന്റ് കലക്കി ഒഴിക്കാൻ ശ്രമം നടന്നു.ജോലികളിൽ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗമോ ഭരണ സമിതിയോ ശ്രദ്ധിക്കാതെ പോകുന്നതാണ് അഴിമതിക്ക് കളം ഒരുങ്ങുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.