മാരാമണ്‍: ദൈവത്തിന്റെ സ്വന്തം നാട് ലഹരിമരുന്നുകളുടെ നാടായി മാറിയിരിക്കുകയാണെന്ന് എക്സൈസ് ജോയിന്റ് കമ്മീഷണർ മാത്യൂസ് ജോണ്‍. മാരാമണ്‍ കണ്‍വൻഷനോടനുബന്ധിച്ച് ഇന്നലെ ആരംഭിച്ച യുവവേദി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പ്ലസ്ടു വിദ്യാർത്ഥികളിൽ 40 ശതമാനത്തിലേറെ മദ്യമുപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്ന പ്രവണത യുവാക്കളുടെയും വിദ്യാർഥികളുടെയും ഇടയിൽ കുറഞ്ഞിട്ടുണ്ടെങ്കിലും പാൻമസാല ഉപയോഗിക്കുന്ന സ്കൂൾ കുട്ടികളുടെ എണ്ണം ഭയാനകമാണ്.
16 ശതമാനം മദ്യം വിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് ജനസംഖ്യയിൽ അഞ്ച് ശതമാനം പൂർണമായി മദ്യത്തിനടിമകളാണ്. ഇന്ത്യയിൽ പഞ്ചാബ് കഴിഞ്ഞാൽ മയക്കുമരുന്നു വിൽക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഒരു സിന്തറ്റിക് ഡ്രഗ് പോലും നിർമ്മിക്കുന്നില്ല.
എന്നാൽ സിന്തറ്റിക് ഡ്രഗുകൾ കേരളത്തിലെ വിദ്യാർഥികൾ ഏറെ ഉപയോഗിക്കുന്നുണ്ട്്. 12 -ാം വയസുമുതൽ സംസ്ഥാനത്തെ കുട്ടികൾ ലഹരി ഉപയോഗിക്കുണ്ടെന്ന കണ്ടെത്തൽ ഭീതി ഉളവാക്കുന്നതാണ്. മദ്യപിക്കുന്ന രക്ഷകർത്താക്കളുടെ മക്കളും ലഹരിവസ്തുക്കളുടെ അടിമകളായി മാറുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് മാത്യൂസ് ജോണ്‍ പറഞ്ഞു.
സാത്താന്റെ ആരാധന നടത്തുന്ന കേന്ദ്രങ്ങളിൽ മയക്കുമരുന്നുകളും ലഹരി വസ്തുക്കളും ഏറെ ഉപയോഗിക്കുന്നുണ്ടെന്നതിനാൽ ഇത്തരം ആരാധന കേന്ദ്രത്തിലേക്ക് യുവാക്കളും വിദ്യാർഥികളും ആകർഷിക്കപ്പെടുന്നുണ്ട്.
ഇത്തരം കേന്ദ്രങ്ങളും സംസ്ഥാനത്തെ ചില പ്രഫഷണൽ കോളജുകളിലും ലഹരിവില്പനക്കാരുടെ ലോബികൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യമായി ലഹരികൾ സൗജന്യമായി കൊടുത്തു വശത്താക്കിയ ശേഷം ലഹരി ഉത്പന്നങ്ങളുടെ വാഹകരായി വിദ്യാർഥികളെ ഉപയോഗിക്കുന്നുണ്ട്.
ദൈവവിശ്വാസത്തിന്റെയടിസ്ഥാനത്തിൽ കൂട്ടായ ബോധവത്കരണത്തിലൂടെ മാത്രമേ വിദ്യാർഥികളെയും യുവജന സമൂഹത്തെയും ലഹരിവിപത്തിൽ നിന്നും രക്ഷിക്കാൻ കഴിയൂവെന്ന് മാത്യൂസ് ജോണ്‍ പറഞ്ഞു. യുവവേദി പ്രസിഡന്റ് തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ഇന്ന് വൈകുന്നേരം മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫും നാളെ മുംബൈ ഡിവി പാട്ടീൽ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജയിംസ് തോമസും പ്രസംഗിക്കും.