പുതുപ്പള്ളി: സ്വകാര്യ ബസിൽ നിന്ന് വീട്ടമ്മയുടെ അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സ്ത്രീയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എരമല്ലൂർ ഇലവുമ്മുട്ട് മിനി തോമസി(50) നെയാണു പോലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 23ന് ബേക്കർ ജംഗ്ഷനിൽ സ്വകാര്യ ബസിലായിരുന്നു സംഭവം.
ആയുർവേദ ആശുപത്രി അറ്റൻഡറും പനന്പാലം സ്വദേശിയുമായ വീട്ടമ്മയുടെ പണമാണ് മോഷ്ടിച്ചത്. ഇവരും ഭർത്താവും ചേർന്ന് തിരുനക്കര എസ്ബിഐ ശാഖയിൽ സ്വർണം പണയം വച്ച് അരലക്ഷം രൂപ എടുത്തിരുന്നു. ഈ പണം അക്കൗണ്ടിൽനിന്നും പിൻവലിച്ചശേഷം ആർപ്പൂക്കര-മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുന്ന ജാക്വിലിൻ ബസിൽ സ്റ്റാൻഡിൽ നിന്നും കയറി.
തുടർന്ന് ഈ ബസ് ബേക്കർ ജംഗ്ഷനിൽ എത്തിയപ്പോൾ കൃത്രിമ തിരക്കുണ്ടാക്കിയ സ്ത്രീ ബസിൽനിന്നും പുറത്തിറങ്ങി. ഇവർ പണം മോഷണം നടത്തുന്ന സ്ത്രീ ആണെന്നും എല്ലാവരും ബാഗ് പരിശോധിക്കണമെന്നും കണ്ടക്ടർ വിളിച്ചു പറഞ്ഞു.
ഇതേ തുടർന്ന് പനന്പാലം സ്വദേശിയായ വീട്ടമ്മ നടത്തിയ പരിശോധനയിലാണു മോഷണം നടന്നതായി കണ്ടെത്തിയത്. ഈ സമയം ബാഗിന്റെ സിബ് തുറന്ന് കിടക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മയും ഭർത്താവും വെസ്റ്റ് പോലീസിനു പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് കണ്ടക്ടർ നൽകിയ വിവരത്തിന്റെയും പ്രദേശത്തെ സിസി ടിവി കാമറാ ദൃശ്യത്തിന്റെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. ഇതോടെയാണ് മോഷണം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞത്. സമാന രീതിയിൽ മോഷണം നടത്തിയ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മിനിയെ കണ്ടെത്തുകയായിരുന്നു.
പോലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ മിനി ചങ്ങനാശേരി, കറുകച്ചാൽ, മാമ്മൂട്, മീനടം, പുതുപ്പള്ളി, എരമല്ലൂർ എന്നിവിടങ്ങളിലായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ ഇവർ വീട്ടിൽ എത്തിയതായി ജില്ലാ പോലീസ് ചീഫ് ജി. ജയദേവിന് രഹസ്യ വിവരം ലഭിച്ചു.
വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്്ടർ എം.ജെ അരുണ്, വെസ്റ്റ് പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്, എസ്ഐ പി. ആർ. സതി, എഎസ്ഐ പി.എൻ. മനോജ്, സിവിൽ പോലീസ് ഓഫിസർ കെ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
2009 മുതൽ അയർക്കുന്നം പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ മൂന്നു മോഷണക്കേസുകൾ നിലവിലുണ്ട്. മോഷണത്തിനിരയായ വീട്ടമ്മയും ബസ് കണ്ടക്്ടറും പ്രതിയെ തിരിച്ചറിഞ്ഞു.