നാദാപുരം:മോഷണക്കുറ്റം ആരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍.
നാദാപുരം ബസ്സ് സ്റ്റാൻഡിന് പിന് വശത്തെ റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റ് പാത്രപ്പുരയിലെ ജീവനക്കാരയ പുളിയാവ് സ്വദേശി പാറോളിക്കണ്ടിയില്‍ കുഞ്ഞബ്ദുള്ള (54),പുറമേരി മുതുവടത്തൂര്‍ സ്വദേശി ആയനിതാഴെ കുനി സമദ് (25) എന്നിവരെയാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ.രഞ്ജിത്ത് രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
തൂണേരി സ്വദേശിയായ യുവതിയെ ആണ് ബില്ലില്‍ ചേര്‍ക്കാത്ത സാധനങ്ങള്‍ എടുത്തെന്നാരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ബുധനാഴ്ച്ച രാവിലെ പത്ത് മണിമുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയാണ് ഭക്ഷണമോ വെള്ളമോ നല്‍കാതെ തടഞ്ഞ് വച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ നാദാപുരത്തും കല്ലാച്ചിയിലും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും കല്ലാച്ചിയില്‍ പോലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.
നാദാപുരം എഎസ്പി സ്റ്റേഷനില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. കുറ്റക്കാരായ ജീവനക്കാരെ കടയിലെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ യോഗത്തില്‍ തീരുമാനമായി.
സൂപ്പര്‍മാര്‍ക്കറ്റ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ അസത്യ പ്രചരണം അഴിച്ച് വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കട തുറന്ന് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി. കല്ലാച്ചിയിലുണ്ടായ അക്രമ സംഭവത്തക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാദാപുരം സി ഐ എന്‍.സുനില്‍കുമാര്‍, എസ് ഐ എന്‍.പ്രജീഷ്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ,വൈസ് പ്രസിഡന്റ് സി.വി.കുഞ്ഞികൃഷ്ണന്, ബ്ലോക്ക് മെമ്പര്‍ സി.കെ.റീന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.പി.ചാത്തു, സി.എച്ച്.മോഹനന്, ടി.കണാരന്, കെ.ടി.കെ.ചന്ദ്രന്, മധുപ്രസാദ്, സൂപ്പി നരിക്കാട്ടേരി, എം.പി.സൂപ്പി, വ്യാപാരി വ്യവസായി പ്രതിനിധികളായ ഏരത്ത് ഇക്ബാല്‍, കണേക്കല്‍ അബ്ബാസ്, കുരുമ്പിയത്ത് കുഞ്ഞബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.