നെടുങ്കണ്ടം: അതിശക്തമായ കാറ്റിലും ദിശതെറ്റാതെ പറക്കുന്ന അപൂർവ ഇനം പക്ഷിയെ രാമക്കൽമേട്ടിൽ കണ്ടെത്തി. കേരള – തമിഴ്നാട് അതിർത്തിയിലെ ചെങ്കുത്തായ പാറയ്ക്കു സമീപമായാണ് ഷഹീൻ ഫാൽക്കണിനെ കണ്ടെത്തിയത്. കേരളത്തിൽ വിരളമായാണ് ഈ പക്ഷി കാണപ്പെടുന്നത്.
മണിക്കൂറിൽ 240 കിലോമീറ്ററാണ് ഇതിന്റെ സാധാരണ വേഗം. ഇരയുമായി കുതിക്കുന്പോൾ വേഗം 320 കിലോമീറ്റർ വരെയാകും. പറക്കുന്നതിനിടെ ഇര പിടിക്കുകയും ചെയ്യും.
അപൂർവ ഫാൽക്കണ്‍ ഇനമായ ഷെഹീൻ ഫാൽക്കണിന്റെ പ്രത്യേകതകൾ നിരവധി. ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് ഈ അപൂർവ പക്ഷികൾ കാണപ്പെടുന്നത്. പെരിഗ്രേൻ ഫാൽക്കണിന്റെ ഉപവിഭാഗത്തിൽപെട്ടതാണ് ഈ പക്ഷി.
പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ നാറ്റ് ട്രയൽസാണ് രാമക്കൽമേട്ടിലെ പക്ഷിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സാധാരണയായി തനിയെ താമസിക്കുന്ന കൂട്ടരാണിവർ. പ്രജനനകാലത്തു മാത്രമാണ് ഇണയോടൊപ്പം കാണപ്പെടുന്നത്.
മറ്റു പെരിഗ്രേൻ ഫാൽക്കണുകളിൽനിന്നു വ്യത്യസ്തമായി ദേശാടനം നടത്താതെ ആവാസ വ്യവസ്ഥയാക്കിയ മേഖലയിൽ തന്നെയാണ് പ്രജനനത്തിന് ഇടം കണ്ടെത്തുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് പ്രജനനകാലം.
ചെങ്കുത്തായ പാറക്കെട്ടുകളിലെ പൊത്തുകളും മറ്റുമാണ് ഇവ വാസകേന്ദ്രമായി തെരഞ്ഞെടുക്കുന്നത്. തത്ത, പ്രാവ്, മാടത്ത പോലുള്ള ചെറുപക്ഷികളാണ് ഇവയുടെ ഭക്ഷണം. ഫ്ളൈറ്റ് ലാൻഡ് ചെയ്യുന്നതുപോലെ പറന്നിറങ്ങാനാവുമെന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത.
രാമക്കൽമേട്ടിലെ പുൽമേടുകളിലുള്ള ചെറുപക്ഷികളുടെ സാന്നിധ്യമാണ് ഷഹീൻ ഫാൽക്കണ്‍ ഇവിടെ കൂടൊരുക്കാൻ കാരണമെന്നതാണ് പക്ഷിനിരീക്ഷകരുടെ വിലയിരുത്തൽ.