തേഞ്ഞിപ്പലം: പള്ളിക്കൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെ ദളിത് അതിക്രമ കേസ്. കുമ്മണിപ്പറന്പ് സ്വദേശിനിയായ മുപ്പത്തിയാറുകാരിയുടെ പരാതിയിലാണ് തേഞ്ഞിപ്പലം പോലീസ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉമ്മർകോയക്കെതിരേ കേസെടുത്തത്.
പട്ടിക വിഭാഗം വിദ്യാർഥികൾക്കുളള പഠനോപകരണങ്ങൾ ലഭിക്കുന്ന പദ്ധതിയിൽ അനുകൂല്യത്തിനായി ഇവർ അപേക്ഷിച്ചിരുന്നു. പല തവണ പഞ്ചായത്ത് ഓഫീസിൽ വന്നു പോയ ഇവർക്ക് ആനുകൂല്യത്തിനു അർഹത ഇല്ലെന്നു പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
വീടിന്റെ വിസ്തീർണം കൂടുതലായതിനാൽ നിശ്ചിത മാനദണ്ഡ പ്രകാരമുള്ള പദ്ധതിയിലൂടെ അനുകൂല്യം അനുവദിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
ഒന്നിലധികം തവണ ഓഫീസ് കയറിയിറങ്ങിയതിനാൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് സെക്രട്ടറി ഉമ്മർകോയ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
പരാതിയിൽ എസ്സി-എസ്ടിആക്ട് പ്രകാരം പോലീസ് കേസെടുത്തതോടെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഒളിവിൽ പോയിരിക്കുകയാണ്.