വടക്കഞ്ചേരി: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ടിപ്പര്ലോറികളുടെയും മോട്ടോര്‍ വാഹനവകുപ്പിന്റേയും ഒളിച്ചുകളി. പാതയില്‍ എവിടെയെങ്കിലും വാഹനം നിര്‍ത്തി വാഹന പരിശോധന തുടങ്ങിയാല്‍ ഉടനേ ടിപ്പര്‍ലോറികളും ചരക്കുലോറികളും വാഹനം പാതയോരത്ത് നിര്‍ത്തിയിട്ട് മാറിനില്‍ക്കും.
ചിലപ്പോള്‍ കിടപ്പ് ഏറെ മണിക്കൂറുകള്‍ നീളും. ഇന്നലെ രാവിലെയും ദേശീയപാതയില്‍ ഈ ഒളിച്ചുകളി നടന്നു. വടക്കഞ്ചേരി ജംഗ്ഷനടുത്തെ ഫ്ളൈ ഓവര്‍ തുടങ്ങുന്ന വീതികൂടിയ സ്ഥലത്താണ് പരിശോധന നടത്തിയത്. ഈ വിവരം മിന്നല്‍വേഗത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും ഫോണിലൂടെയും ചരക്കുലോറികള്‍ അറിഞ്ഞ് റോയല്‍ ജംഗ്ഷന് മുതല്‍ മംഗലംപാലം വരെ ലോറികള്‍ വരിയായി നിര്‍ത്തിയിട്ടു.
ലോറികള്‍ ഇപ്പോള്‍ വരുമെന്നു പ്രതീക്ഷിച്ച് അരകിലോമീറ്റര്‍ മാറി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും നിലയുറപ്പിച്ചു. ലോറികള്‍ മുഴുവന്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് വാഹനവകുപ്പിനും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം തൊട്ടുമുന്നിലുണ്ടെന്ന് അറിയാം.
പരസ്പരം ഒളിച്ചു കളിച്ച് പിന്നീട് ഇവര്‍ കടന്നുപോകും. അമിതഭാരം, പേപ്പറില്ല എന്നൊക്കെ പറഞ്ഞ് തോന്നുംമട്ടിലാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി ബുദ്ധിമുട്ടിക്കുന്നതെന്നാണ് ഒളിച്ചുകളിയെക്കുറിച്ച് ലോറിക്കാര് പറയുന്നത്.
38,000 രൂപ വരെ ചിലപ്പോള്‍ പിഴ ചുമത്തി തൊഴില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നു പറയുന്നു. വാഹനം ഓടുമ്പോള്‍ മാത്രമേ മോട്ടോര്‍ വാഹനവകുപ്പിനു കൈകാട്ടി നിര്‍ത്തി പരിശോധിക്കാനാകൂ.
വാഹനം നിര്‍ത്തിയിട്ട് ഇവര്‍ മാറി നില്ക്കുന്നതിനാല് ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പറയുന്നു. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും വരുന്ന വലിയ ലോറികളാണ് ഇതെല്ലാം.
തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ലോറികളാണ് ഇതിലേറെയും. രാവിലെ കള്ളുവണ്ടികളുടെ പ്രവാഹത്തിനു പിന്നാലെ ചരക്കുലോറികളും ഒന്നിച്ചുപോകുന്ന സ്ഥിതിയുണ്ടാകുന്നത് കുതിരാനിലും മാറ്റും വാഹനക്കുരുക്കിനു കാരണമാകും.