കൊച്ചി: മീറ്റര്‍ ഘടിപ്പിക്കാതെ അമിത ചാര്‍ജ് ഈടാക്കി യാത്രക്കാരെ വട്ടംകറക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്കി.
കണ്ണൂരില്‍ ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് വാങ്ങുന്നെന്ന് ആരോപിച്ചു ദി ട്രൂത്ത് എന്ന സംഘടന ഉള്‍പ്പെടെ നല്കിയ ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ബെഞ്ച് ഏഴു നിര്‍ദേശങ്ങളും ഇതിനായി നല്കി.
പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ: അച്ചടിച്ച യാത്രാനിരക്ക് കാര്‍ഡ് സംസ്ഥാനത്തെ ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്കു കാണാനാവുന്ന വിധം ഒട്ടിക്കാനാവുമോയെന്ന് മോട്ടോര്‍ വാഹന വകുപ്പും ലീഗല്‍ മെട്രോളജി അധികൃതരും പരിഗണിക്കണം.
യാത്രക്കാര്‍ക്ക് പരാതി ഫോണില്‍ പറയുന്നതിനുള്ള അടിയന്തര നമ്പറുകള്‍ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ പോലീസ് അധികൃതര്‍ ഉടന്‍ നടപടിയെടുക്കണം. മറ്റു ജില്ലകളില്‍ ഇതു നടപ്പാക്കുന്ന കാര്യം ഡിജിപി ഉറപ്പാക്കണം.
എമര്‍ജന്‍സി സപ്പോര്‍ട്ട് റസ്പോണ്‍സ് സംവിധാനം, ഹൈവേ പോലീസ്, പിങ്ക് പോലീസ്, വനിതാ ഹെല്പ് ലൈന്‍ തുടങ്ങിയവയുടെ നമ്പറുകള്‍ യാത്രക്കാരുടെ പരാതികളോടു പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ ഉപകാരപ്രദമാക്കണം.
അമിത നിരക്ക് ഈടാക്കിയെന്ന പരാതി ലഭിച്ചാല്‍ പരിശോധിച്ച് ഓട്ടോഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നുറപ്പാക്കണം. പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കണം.
പരാതിയുമായി യാത്രക്കാര്‍ വിളിച്ചാല്‍ മറ്റൊരു നമ്പറിലേക്ക് വിളിക്കാന്‍ പറയരുത്. ഇക്കാര്യം എസ്പി ഉറപ്പാക്കണം. ഇത്തരം കോളുകള്‍ ഉചിതമായ കണ്ട്രോള് സെന്ററിലേക്കു തിരിച്ചുവിടാന്‍ സംവിധാനം വേണം.
ഓട്ടോഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നു കണ്ടാല്‍ മോട്ടോര്‍ വാഹന നിയമം, ലീഗല്‍ മെട്രോളജി നിയമം തുടങ്ങിയവ പ്രകാരമുള്ള നടപടിക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇതോടൊപ്പം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം.