തിരുവനന്തപുരം: പോലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ട് സംബന്ധിച്ച വിഷയത്തിൽ ഏതോ കേന്ദ്രത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യു ഡിഎഫ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകൾ സിഎജി മറച്ചുവച്ച് വാർത്താസമ്മേളനം നടത്തിയതാണ് ഈ സംശയത്തിലേക്കു നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഏതോ കേന്ദ്രത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു പറഞ്ഞാൽ അതിനെ കുറ്റം പറയാൻ കഴിയില്ല. സിഎജി റിപ്പോർട്ടിലെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് പുറത്തുവന്നത്.
ആദ്യം മുതലുള്ള കാര്യങ്ങൾ സിഎജി പറഞ്ഞിരുന്നെങ്കിൽ അത് സത്യസന്ധമാണെന്നു കണക്കാക്കാമായിരുന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകൾ സിഎജി മറച്ചുവച്ചു. ഇതൊക്കെ പരിഗണിക്കുന്പോൾ ഗൂഡാലോചന സംശയിക്കാൻ വകയുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സിഎജിയുടേതായി എക്കാലത്തും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്, അതിൽ തുടർനടപടികളും നടന്നിട്ടുണ്ട്. ഇപ്പോൾ വിവാദമാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കടകംപള്ളി പറഞ്ഞു.
അതീവ പ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്നാണു സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമാണു നടക്കുന്നത്. ഒരു വർഷം മുൻപു തുടങ്ങിയ അന്വേഷണം നിലച്ച മട്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാൻ അടക്കമുള്ളവർ വെടിയുണ്ടകൾ കാണാതായ കേസിൽ പ്രതിസ്ഥാനത്തുണ്ട്.
അതേസമയം, സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുന്പേ ചോർന്നതിനെതിരേ നടപടിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്.
തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകൾ പരിശോധിക്കുക.