കോട്ടയം: യുവതയുടെ ആവേശമായ യൂണിവേഴ്സിറ്റി കലോത്സവം ഒരിക്കിൽകൂടി ഹൈറേഞ്ചിന്റെ മടിത്തട്ടിലേക്ക്. എംജി യൂണിവേഴ്സിറ്റി കലോത്സവം 27 മുതൽ മാർച്ച് രണ്ടുവരെ തൊടുപുഴ, പെരുന്പള്ളിച്ചിറ അൽഅസ്ഹർ കോളജിൽ നടക്കും.
അൽഅസ്ഹർ കോളജിലെ ആർട്സ്, ദന്തൽ, ലോ, എൻജിനീയറിംഗ് വിഭാഗം ഉൾപ്പെടുന്ന വിശാലമായ കാന്പസിലെ പത്തു വേദികളിലാണു മത്സരങ്ങൾ നടക്കുന്നത്. ’ആർട്ടിക്കിൾ 14’ എന്നാണു കലോത്സവത്തിനു പേരിട്ടിരിക്കുന്നത്. കലോത്സവത്തിന്റെ ലോഗോയും പോസ്റ്ററും കഴിഞ്ഞദിവസം പ്രകാശനം ചെയ്തു. കലോത്സവ നഗറിനു അഭിമന്യു നഗർ എന്നാണു പേരിട്ടിരിക്കുന്നത്.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 271 കോളജുകളിൽ നിന്നുള്ള 7500 കലാപ്രതിഭകൾ 60 ഇനങ്ങളിലായി മത്സരിക്കും. മത്സരത്തിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. തേവര എസ്എച്ച് കോളജാണ് കഴിഞ്ഞ വർഷം കോട്ടയത്തു നടന്ന കലോത്സവത്തിൽ ചാന്പ്യൻമാരായത്.
മഹാരജാസ്, സെന്റ് തെരേസാസ് കോളജുകൾ കഴിഞ്ഞ തവണ കൈവിട്ടു പോയ കലാകീരിടം തിരിച്ചുപിടിക്കാനായിട്ടാണ് തൊടുപുഴയിൽ കലോത്സവത്തിനെത്തുന്നത്.
ട്രാൻസ് ജെൻഡറുകൾക്കും കലോത്സവ മത്സരയിനങ്ങളിൽ പ്രത്യേക വിഭാഗത്തിൽ പങ്കെടുക്കാമെന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകത. നിലവിലെ ആണ്, പെണ് വിഭാഗത്തിനു പുറമെ ട്രാൻസ് ജെൻണ്ടർ വിഭാഗവും മത്സരത്തിലുണ്ടാകും.
27ന് വൈകുന്നേരം വർണാഭമായ ഘോഷയാത്രയെതുടർന്ന് പ്രധാന വേദിയിൽ ഉദ്ഘാടന സമ്മേളനം നടക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ചലച്ചിത്രതാരങ്ങൾ എന്നിവർ ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കും. 2016ൽ കലോത്സവം ഇവിടെ നടന്നിരുന്നു. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി ഗ്രീൻ പ്രോട്ടോകോളിൽ കലോത്സവം നടത്താനാണ് സംഘാടക സമിതിയുടെ ശ്രമം.