ആതിരപ്പിള്ളി: കണ്ണൻകുഴിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. കണ്ണൻകുഴി ഏറാൻവീട്ടിൽ ഗിരീഷി (32) നെയാണ് അതിരപ്പിള്ളി എസ്ഐ പി.ഡി.അനിൽകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റുചെയ്തത്.
കൊലപാതകത്തിനുശേഷം പുഴയ്ക്കക്കരെ തുരുത്തിലേക്ക് രക്ഷപ്പെട്ട ഗിരീഷിനെ പിടികൂടുന്നതിന് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ്, ജില്ലാ പോലീസ് സൂപ്രണ്ട് പി.വിജയകുമാർ എന്നിവരുടെ നിർദേശാനുസരണം പോലീസ് പുഴകേന്ദ്രീകരിച്ച് വലവിരിച്ചിരിക്കയായിരുന്നു.
ഇന്നു പുലർച്ചെ പുഴയിലൂടെ നീന്തിവരികയായിരുന്ന ഗിരീഷിനെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെയാണ് കണ്ണൻകുഴി താളത്തുപറന്പിൽ പ്രദീപിനെ (39) ഗിരീഷ് കണ്ണൻകുഴി പാലത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
പ്ലാന്േറഷനിൽ താൽക്കാലിക തൊഴിലാളിയും ജലനിധിയുടെ പന്പ് ഓപ്പറേറ്ററുമായ പ്രദീപ് പുലർച്ചെ മോട്ടോർ ഓഫ് ചെയ്യാൻ പോകുന്പോഴാണ് ഗിരീഷ് വെട്ടുകത്തിയുമായി ആക്രമിച്ചത്.
തലയിലും വയറിലും കൈകാലുകളിലും വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന പ്രദീപിനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുകഴിഞ്ഞിരുന്നു.
ജലനിധിയുടെ മോട്ടോർ പ്രവർത്തിപ്പിക്കുന്ന സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നത് തടയാൻ പന്പ് ഓപ്പറേറ്ററായ പ്രദീപ് ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് ഇവർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന്റെ തലേദിവസം ഇവർ തമ്മിൽ വാക്കേറ്റവും പിടിവലിയും നടന്നിരുന്നു.
നാട്ടുകാരിടപെട്ടാണ് സംഘട്ടനം ഒഴിവാക്കിയത്. വീണ്ടും പ്രശ്നമുണ്ടായപ്പോൾ പ്രദീപ് പോലീസിൽ പരാതി നൽകുകയും ഇരുവരോടും സ്റ്റേഷനിലേക്ക് വരാൻ പോലീസ് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്റ്റേഷനിലേക്കെത്തുന്നതിനു മുന്പേ കൊലപാതകം നടന്നു.
കീരിക്കാടൻ എന്നറിയപ്പെടുന്ന ഗിരീഷ് നേരത്തെ രണ്ട് അടിപിടിക്കേസുകളിൽ പ്രതിയാണ്. അറസ്റ്റിലായ ഗിരീഷിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. തെളിവെടുപ്പിനുശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
അഡീഷണൽ എസ്ഐമാരായ സി.ജി.സന്തോഷ്കുമാർ, ഒ.ജി.ഷാജു, എഎസ്ഐ കെ.എ.ജാഫർ, സിപിഒമാരായ വി.എസ്.ദിനേശ്, അനൂപ് ദേവസി, ആനന്ദ്, മോഹനൻ, അജിത്കുമാർ, ഷെഫീർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.