മലപ്പുറം: ജില്ലയിൽ കൊറോണ വൈറസ് മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണത്തിലുള്ളത് ഒരാൾ മാത്രം.
വീടുകളിൽ 268 പേരടക്കം 269 പേരാണ് ജില്ലയിലിപ്പോൾ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതുവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 42 പേരിൽ 41 പേരെ വൈറസ് ബാധിയില്ലെന്നു സ്ഥിരീകരിച്ചതോടെ പ്രത്യേക നിരീക്ഷണത്തിൽ നിന്നൊഴിവാക്കി.
ഇന്നലെ 22 പേരെയാണ് പ്രത്യേക നിരീക്ഷണത്തിൽ നിന്നൊഴിവാക്കിയത്. ഇതിൽ രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളജ് അശുപത്രിയിലുള്ളവരായിരുന്നു. ജില്ലയിൽ നിന്നു പരിശോധനക്കയച്ച 42 സാന്പിളുകളിൽ ഇനി ഒരെണ്ണത്തിന്റെ ഫലം മാത്രമാണ് ലഭിക്കാനുള്ളത്.
രണ്ടുഘട്ട പരിശോധകൾക്കു ശേഷം ഫലം ലഭിച്ച 41 പേർക്ക് വൈറസ്ബാധയില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സംബന്ധിച്ചുള്ള ആശങ്കയകലുന്പോഴും ആരോഗ്യ ജാഗ്രത തുടരുകയാണ്.
ചൈനയുൾപ്പെടെ വൈറസ്ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവരും അവരുമായി നേരിട്ടു സന്പർക്കം പുലർത്തിയവരുമായി ആരോഗ്യപ്രവർത്തകർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് കൗണ്‍സലിംഗ് തുടരുകയാണ്.