കൊല്ലം: കറൻസി നോട്ടുകൾ കീറിയെറിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സംഭവം കൊട്ടിയം ഉമയനല്ലൂരിലാണ്.
കടം കൊടുത്തപണം തിരികെ നൽകുന്പോൾ അത് വാങ്ങിയ മധ്യവയസ്കനായ വ്യക്തി നോട്ടുകൾ കീറിഎറിയുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിലും ഫെയ്സ് ബുക്കിലും പ്രചരിച്ചത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കൊട്ടിയം സിഐയ്ക്ക് നിർദ്ദേശവും വന്നിട്ടുണ്ട്. നോട്ടുകൾ കീറുന്ന വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ഇതിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്ത് വരികയും സോഷ്യൽ മീഡിയയിൽ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു .
നോട്ടുകൾ കീറുന്നതിന്റെ ദൃശ്യങ്ങൾ അയാളുടെ ഭാര്യതന്നെയാണ് പകർത്തിയത്. സുഹൃത്തിനു കടമായി നൽകിയ പണം തിരികെ ലഭിച്ചപ്പോൾ അത് വലിച്ചു കീറുന്നതാണ് ദൃശ്യങ്ങളിലുളളത്. ദൃശ്യങ്ങൾ ചർച്ചയാകുകയും പ്രതിഷേധം ഉയരുകയും ചെയ്തു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ വ്യക്തി താൻ കീറിയെറിഞ്ഞതു നോട്ടല്ലെന്നും കുട്ടികൾക്കു കടയിൽ നിന്നും കളിക്കാനായി ലഭിക്കുന്ന നോട്ടുകൾക്ക് സമാനമായ പേപ്പറാണെന്നുമുള്ള വിശദീകരണുമായി സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുകയും ചെയ്തു .
രണ്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. നോട്ടു കീറിയ ആളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായി.
ദൃശ്യങ്ങൾ പോലീസ് സേനയുടെ വാട്സാപ് ഗ്രൂപ്പിലും വെബ്സൈറ്റിലും പ്രചരിച്ചതോടെ പോലീസ് കേസ് എടുക്കാൻ നിർബന്ധിതമാകുകയാണ്.