ശ്രീജിത് കൃഷ്ണൻ
കാസർഗോഡ്: ശരത് ലാലും കൃപേഷും കല്യോട്ടിന്റെ നീറുന്ന ഓര്‍മച്ചിത്രങ്ങളായി മാറിയിട്ട് ഫെബ്രുവരി 17ന് ഒരു വര്‍ഷം തികയുന്നു. കേരളത്തിന്റെ വടക്കേയറ്റത്ത് അതുവരെ അധികമൊന്നും അറിയപ്പെടാതെ കിടന്നിരുന്ന കല്യോട്ട് ഗ്രാമത്തില്‍ ആര്‍ക്കുംതന്നെ ഒരുപക്ഷേ ഇത്ര പെട്ടെന്ന് ഒരു വര്‍ഷം കടന്നുപോയെന്നു വിശ്വസിക്കാനാവില്ല.
ഈ നാടിന്റെ ഓരോ സ്പന്ദനത്തിലും അത്രമേല്‍ നിറഞ്ഞുനില്‍ക്കുകയാണ് അവരിപ്പോഴും.സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാഷ്ട്രീയസംഘട്ടനങ്ങളുടെ പേരിലോ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരകളായോ കൊലചെയ്യപ്പെടുന്നത് കേരളത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ട ദുരന്തങ്ങളിലൊന്നാണ്.
അങ്ങനെ അകാലത്തില്‍ പിടഞ്ഞുവീഴേണ്ടിവന്ന ഓരോരുത്തരും അതാത് നാടിന്റെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ തീരാത്ത മുറിപ്പാടുകളായി അവശേഷിക്കുന്നുമുണ്ട്.
പക്ഷേ മുഴുവന്‍സമയ രാഷ്ട്രീയക്കാരൊന്നുമാകാതെ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ തികച്ചും സാധാരണക്കാരായി ജീവിച്ച രണ്ടു യുവാക്കളുടെ ജീവന് ചെറിയൊരു പ്രാദേശിക സംഘര്‍ഷത്തിന്റെ പേരില്‍ മാത്രം ബലികൊടുക്കേണ്ടിവന്നതാണ് കല്യോട്ടിനെ വ്യത്യസ്തമാക്കുന്ന സാഹചര്യം.
ശരത് ലാലും കൃപേഷും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മാത്രമായിരുന്നില്ല സജീവമായിരുന്നത്. വാദ്യകലാസംഘം എന്നു പേരിട്ട ശിങ്കാരിമേളം ട്രൂപ്പ്, മിമിക്സ് കോമഡി ഷോ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിങ്ങനെ വേറിട്ട പല മേഖലകളിലും അവര്‍ പ്രായത്തിന്റെ ഊര്‍ജസ്വലതയോടെ നിറഞ്ഞുനിന്നിരുന്നു.
മംഗളൂരുവില്‍ ബിടെക് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് സ്വന്തക്കാരും ബന്ധുക്കളും ജോഷി എന്നു വിളിക്കുന്ന ശരത് ലാല്‍ നാട്ടില്‍ എല്ലാ കാര്യങ്ങളിലും സജീവമാകാന്‍ തുടങ്ങിയത്.
രാഷ്ട്രീയ സംഘട്ടനങ്ങള്‍ പുതുമയല്ലാത്ത നാട്ടില്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിനു പോകുന്നതിലെ അപകട സാധ്യതകള്‍ വീട്ടുകാര്‍ പറഞ്ഞു മനസ്സിലാക്കിയിരുന്നതാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തേക്കാളേറെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലാണ് ജോഷി ശ്രദ്ധവെച്ചിരുന്നത്.
വാദ്യകലാസംഘവും കോമഡി ഷോയുമൊക്കെ ശരത്തിന്റെ പ്രതിഭ തെളിയിക്കുന്ന മേഖലകളായി. ഇതോടൊപ്പമാണ് താന്‍ പഠിച്ചുവളര്‍ന്ന കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാധാരണക്കാരായ കുട്ടികള്‍ക്കുവേണ്ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന ക്ലാസുകള്‍ തുടങ്ങിയത്.
പി എസ് സി പരീശീലന ക്ലാസുകള്‍ സംഘടിപ്പിക്കാനും ഉദ്ദേശിച്ചിരുന്നു. നാട്ടിലെ ഉത്സവങ്ങളും വിവാഹച്ചടങ്ങുകളുമുള്പ്പെടെ ചെറുതും വലുതുമായ എല്ലാ പരിപാടികളുടെയും അണിയറയില്‍ ജോഷിയും കൂട്ടുകാരും സജീവമായിരുന്നു.
കൈവച്ച മേഖലകളിലെല്ലാം തികഞ്ഞ നേതൃപാടവം പ്രകടിപ്പിക്കാനും ജോഷിക്കു കഴിഞ്ഞിരുന്നു. അതിനൊപ്പം ഒപ്പനയില്‍ പെണ്‍വേഷം കെട്ടി മണവാട്ടിയായി രംഗത്തെത്തിയതുപോലുള്ള നമ്പറുകളിലൂടെ നാട്ടുകാരെ ചിരിപ്പിക്കാനും കൈയടി നേടാനും കഴിഞ്ഞു.
പ്രായമായ രണ്ട് സ്ത്രീകള്‍ തമ്മില്‍ നാട്ടിലെ ഓരോ വിശേഷങ്ങളും പരദൂഷണങ്ങളും രസകരമായി പങ്കുവയ്ക്കുന്ന രീതിയില്‍ ആവിഷ്കരിച്ച കവര എന്ന പരിപാടി ശരത്തിന്റെയും കൂട്ടുകാരുടെയും കോമഡി ഷോയിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു.
ഇതില്‍ ഒരു സ്ത്രീയുടെ വേഷം ശരത്തും മറ്റേ സ്ത്രീയുടേത് കൂട്ടുകാരനായ ശ്രീകാന്തുമാണ് ചെയ്തിരുന്നത്. സ്വകാര്യ ചാനലില്‍ നടന് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ചിരുന്ന കോമഡി പരിപാടിയില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് രാഷ്ട്രീയവൈരികളുടെ കൊലക്കത്തിക്ക് ഇരയാകേണ്ടിവന്നത്.
ജോഷിക്കും കൂട്ടുകാര്‍ക്കുമൊപ്പം എല്ലാ പരിപാടികളിലും പങ്കെടുക്കാനെത്തുന്ന സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള പുതുതലമുറക്കാര് സിപിഎമ്മിന്റെ പോഷകസംഘടനകളായ ബാലസംഘത്തില്‍ നിന്നും എസ്എഫ്ഐയില്‍ നിന്നും അകലുന്നത് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ച കാരണങ്ങളിലൊന്നായിരുന്നു.
വടക്കന്‍ കേരളത്തില്‍ മിക്കയിടങ്ങളിലും സംഭവിക്കുന്നതുപോലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഉത്സവപരിപാടികളുമെല്ലാം പാര്‍ട്ടി പോഷകസംഘടനകളുടെ ബാനറില്‍ മാത്രമേ നടക്കാവൂ എന്ന നിര്‍ബന്ധബുദ്ധി ഇവിടെയും പലര്‍ക്കുമുണ്ടായിരുന്നു.
കല്യോട്ട് ജംഗ്ഷനു സമീപത്തെ കൊച്ചുമുറിയില്‍ പ്രവര്‍ത്തിക്കുന്ന വാദ്യകലാസംഘത്തിന്റെ ഓഫീസ് പലവട്ടം അടിച്ചുതകര്‍ത്തത് ഈ അസഹിഷ്ണുതയുടെ പ്രതിഫലനമായിരുന്നു. ബാലസംഘത്തിനു ബദലായി പ്രദേശത്ത് ജവഹര്‍ ബാലജനവേദിയുടെ പ്രവര്‍ത്തനം സജീവമായതും പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കുട്ടികള്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതും നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു.
ശരത്തില്‍ നിന്ന് വ്യത്യസ്തമായി സിപിഎം പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന കൃപേഷ് എസ്എഫ്ഐ കോട്ടയായ പെരിയ ഗവ. പോളിടെക്നിക്കില്‍ കെ എസ് യുവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതോടെയാണ് പാര്‍ട്ടിയുടെ കണ്ണിലെ കരടായത്.
കൃപേഷിന്റെ അച്ഛന് കൃഷ്ണന് അന്ന് സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ മകന്റെ താല്പര്യങ്ങളെ എതിര്‍ത്തിരുന്നില്ല. എസ്എഫ്ഐ നേതാക്കളില്‍ നിന്ന് പലവട്ടം ഭീഷണിയും മര്‍ദ്ദനവും ഒടുവില്‍ അധ്യാപകരില്‍ നിന്നുപോലുമുള്ള ഒറ്റപ്പെടുത്തലും കൊണ്ട് കൃപേഷ് പഠനം പാതിവഴിയില്‍ നിര്‍ത്താന്‍ നിര്‍ബന്ധിതനായി.
അച്ഛനൊപ്പം പെയിന്റിംഗ് ജോലിക്ക് പോകാനിറങ്ങിയത് അങ്ങനെയാണ്. ശരത് ലാലിനൊപ്പം വാദ്യകലാസംഘത്തില്‍ സജീവമാകുന്നതും അതിനിടയിലാണ്.
വാടകയ്ക്കെടുത്ത ചെണ്ടയും ചുരുങ്ങിയ സംവിധാനങ്ങളും ഉപയോഗിച്ച് ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തുപോലും ശിങ്കാരിമേളം അവതരിപ്പിക്കാന്‍ വാദ്യകലാസംഘത്തിന് കഴിഞ്ഞിരുന്നു. കൂടുതല്‍ യുവാക്കള്‍ ഇവര്‍ക്കൊപ്പം ചേരുന്നതും സിപിഎം നേതൃത്വം ശ്രദ്ധിച്ചിരുന്നു.
തൊട്ടുപിന്നാലെയാണ് സിപിഎം നിയന്ത്രണത്തിലുള്ള മുന്നാട് പീപ്പിള്‍സ് കോളജില്‍ കെഎസ് യുവിന് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കാത്തതിന്റെ പേരില്‍ ശരത് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്യോട്ടുവച്ച് കോളജ് ബസ് തടഞ്ഞത്.
ശബരിമല വിവാദത്തിന്റെ പേരില്‍ പ്രകടനം നടത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കോളജ് അധികൃതര്‍ നടപടിയെടുത്തിരുന്നു. ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിവരമറിഞ്ഞെത്തിയ സിപിഎം നേതാക്കളും തമ്മില്‍ വാക്കേറ്റമായി.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനും ശരത്തും തമ്മില്‍ കൈയാങ്കളിയുണ്ടായതും അതിനിടയില്‍ പീതാംബരന് വീണ് കൈയൊടിയുന്നതും ഇവിടെവച്ചാണ്. ഇതിന്റെ പേരിലാണ് ശരത് അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ജീവിതത്തിലാദ്യമായും അവസാനമായും ശരത്തിന് ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നത് അങ്ങനെയാണെന്ന് കൂട്ടുകാര്‍ പറയുന്നു. സംഭവസ്ഥലത്തില്ലാതിരുന്ന കൃപേഷ് ഈ കേസില്‍ ഉള്‍പ്പെട്ടിരുന്നില്ല.
വാദ്യകലാസംഘത്തിന്റെയും ജവഹര്‍ ബാലജനവേദിയുടെയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ഭീഷണിയും ആക്രമണങ്ങളുമുണ്ടായതോടെ തന്നെ ശരത്തിനെ നാട്ടില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നതാണെന്ന് അച്ഛന് പി.കെ. സത്യനാരായണന് പറയുന്നു.
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അക്രമങ്ങളിലും പെട്ടുപോകാതിരിക്കാന്‍ ശരത് പരമാവധി ശ്രദ്ധിച്ചിരുന്നു. പീതാംബരനുമായി നടന്ന പ്രശ്നത്തോടെയാണ് അത് കൈവിട്ടുപോയത്. വധശ്രമക്കേസ് ഒഴിവാക്കി ശരത്തിനെ വിദേശത്ത് ജോലിക്കു പോകാന്‍ അനുവദിക്കണമെന്ന് ബന്ധപ്പെട്ട പലരും സിപിഎം നേതാക്കളോട് അപേക്ഷിച്ചിരുന്നു.
ഇതിനായി പാര്‍ട്ടി ആവശ്യപ്പെടുന്ന പണം നല്‍കാനും താന്‍ സന്നദ്ധനായിരുന്നു. ശരത്തിനും ഇക്കാര്യം സമ്മതമായിരുന്നു. പക്ഷേ സിപിഎം നേതാക്കളില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. ഒരുപക്ഷേ പാര്‍ട്ടി കോടതിയുടെ തീരുമാനം മറ്റൊന്നായിരിക്കണം.
രണ്ടാഴ്ചയ്ക്കു ശേഷം കേസില്‍ ജാമ്യം ലഭിച്ചിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ശരത്തും ഒപ്പമുണ്ടായിരുന്ന കൃപേഷും കൊലചെയ്യപ്പെട്ടത്. ശരത്തിനൊപ്പം കൃപേഷും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സമ്പാദിച്ച് വിദേശത്ത് ജോലിക്കു പോകുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറില്‍ കല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം കഴിയുന്നതുവരെ നാട്ടില്‍ നില്‍ക്കാനായിരുന്നു ഇരുവരുടെയും ആഗ്രഹം. അതിനുമുമ്പ് വിദേശത്ത് ജോലിക്കു ചേര്‍ന്നാല്‍ കാലങ്ങള്‍ക്കു ശേഷം നാട്ടില്‍ വലിയൊരു ഉത്സവം നടക്കുമ്പോള്‍ അതു കാണാന്‍ തങ്ങള്‍ നാട്ടിലില്ലാതെ പോയാലോ എന്നായിരുന്നു രണ്ടുപേരുടെയും വിഷമം.
കഴിഞ്ഞ ഫെബ്രുവരി 17 ന് പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ ഇരുവരും വോളണ്ടിയര്‍മാരായി പങ്കെടുത്തിരുന്നു. അന്നു രാത്രി വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് രാഷ്ട്രീയ അക്രമത്തിന് ഇരകളായത്.
ശരത് ലാലും കൃപേഷും ആറ്റുനോറ്റു കാത്തിരുന്ന ഉത്സവം ഡിസംബര്‍ അവസാനവാരത്തില്‍ അവരുടെ ഭൗതിക സാന്നിധ്യമില്ലാതെ തന്നെ കടന്നുപോയി. പക്ഷേ മറ്റു ജില്ലകളില്‍ നിന്നുപോലും ഉത്സവം കാണാനെത്തിയ എല്ലാവരുടെയും മനസ്സില്‍ കല്യോട്ടെന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം കടന്നുവന്നത് അവരുടെ മുഖമായിരുന്നു.
അതിന്റെ തെളിവായിരുന്നു പ്രായമായവരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഉത്സവത്തിനെത്തിയ ലക്ഷക്കണക്കായ ജനസഞ്ചയമത്രയും അവരുടെ സ്മൃതിമണ്ഡപത്തിലും വലംവയ്ക്കാനെത്തിയത്. ആ ജനക്കൂട്ടത്തില്‍ രാഷ്ട്രീയഭേദമുണ്ടായിരുന്നില്ല.
ശരത്ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മ ഘോഷയാത്ര തുടങ്ങിയപ്പോള്‍ തൊട്ടടുത്ത കല്യോട്ട് സ്കൂളിലെ ക്ലാസ്മുറികളുടെ ജനലുകള്‍ പിടിച്ചുനിന്ന് വിതുമ്പിയ കുഞ്ഞുങ്ങള്‍ക്കും രാഷ്ട്രീയമെന്തെന്ന് അറിയുമായിരുന്നില്ല.
താരതമ്യേന ചെറിയൊരു പ്രാദേശിക സംഘര്‍ഷത്തെ രണ്ടു വലിയ രാഷ്ട്രീയ കൊലപാതകങ്ങളിലെത്തിച്ചതിന്റെ പേരില്‍ എന്തുനേടിയെന്ന ചോദ്യം സിപിഎം നേതൃത്വത്തിനു മുന്നിലുമുണ്ട്.
ശക്തമായ എതിര് തരംഗങ്ങളുണ്ടായപ്പോള്‍ പോലും ഉലയാതെ നിന്നിരുന്ന കാസര്‍ഗോഡ് ലോക്സഭാ സീറ്റടക്കം കൈവിട്ടുപോയത് ഇതിന്റെ ബാക്കിപത്രമാണെന്ന വിലയിരുത്തലിനാണ് മുന്‍തൂക്കം.
ഉദുമ മേഖലയിലും സമീപപ്രദേശങ്ങളിലും പാര്‍ട്ടിക്കു സംഭവിച്ച ക്ഷീണം വരുന്ന തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു. തൊട്ടുമുമ്പു നടന്ന കണ്ണൂരിലെ ഷുഹൈബ് വധത്തിലെന്നപോലെ സംസ്ഥാനതലത്തില്‍ തന്നെ പാര്‍ട്ടി പ്രതിരോധത്തിലായത് അതിനു പുറമേയും.
ഒരു വര്‍ഷത്തിനിപ്പുറം ശരത്തിന്റെ അച്ഛന് സത്യനാരായണന് മകനു മുമ്പേ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ ദുരന്തസ്മൃതികളില്‍ നിന്ന് അകന്നുനില്ക്കാന് ശ്രമിക്കുകയാണ്.
ഇടയ്ക്കൊക്കെ മനസ്സ് തളരുമ്പോള്‍ സ്മൃതിമണ്ഡപത്തിലെത്തി ഓര്‍മകള്‍ക്ക് കൂട്ടായിരിക്കും. കൃപേഷിന്റെ അച്ഛന് കൃഷ്ണനും പൊതുപരിപാടികളില്‍ കൂട്ടായെത്തുന്നുണ്ട്.
ശരത്തിന്റെ സഹോദരി അമൃത സിവില്‍ സര്‍വീസ് പരിശീലനവുമായി തിരുവനന്തപുരത്തും കൃപേഷിന്റെ ഇളയ സഹോദരി കൃഷ്ണപ്രിയ ബിരുദപഠനത്തിനായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലുമാണ്.
കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന് എംപിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്കിയ കിച്ചൂസ് എന്ന വീട്ടില്‍ അമ്മയ്ക്കു കൂട്ടായി ചേച്ചി കൃപയും കൃപേഷിന് കാണാന്‍ ഭാഗ്യമില്ലാതെ പോയ ചേച്ചിയുടെ കുഞ്ഞുവാവയുമുണ്ട്.