കൊച്ചി: പ്രണയ ദിനമായ ഇന്നലെ എറണാകുളം ഗവ. ലോ കോളജിലുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തില്‍ കേസെടുത്ത് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നുമാണു പ്രതീക്ഷയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കോളജിനുള്ളിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരുടെ പരാതിയിലും കോളജിനു പുറത്തുണ്ടായ സംഘര്‍ഷത്തില്‍ മറ്റൊരു കേസുമാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളജ് യൂണിയന് പുല്‍വാമ അനുസ്മരണവും കെഎസ്യുവിന്റെ നേതൃത്വത്തില്‍ പ്രണയദിനാഘോഷവും സംഘടിപ്പിച്ചിരുന്നു.
സെമിനാര്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് യൂണിയന് ആസൂത്രണം ചെയ്തത്. പൊറോട്ട തീറ്റമത്സരമായിരുന്നു കെഎസ്യുവിന്റെ പരിപാടി. സെമിനാറിനുശേഷം കോളജിന്റെ മുന്‍വശത്ത് മറ്റു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുവേണ്ടി, ഇവിടെ തീറ്റമത്സരം നടത്തുകയായിരുന്ന കെഎസ്യു പ്രവര്‍ത്തകരോട് മാറാനാവശ്യപ്പെട്ടതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
അവസാന വര്‍ഷ വിദ്യാര്‍ഥിയും കെഎസ്യു എറണാകുളം ബ്ലോക്ക് പ്രസിഡന്റുമായ ഹാഫിസ് മുഹമ്മദ്, യൂണിറ്റ് പ്രസിഡന്റ് റോഹിത് ഷാജി, ജനറല്‍ സെക്രട്ടറി ആന്റണി, ഭാരവാഹികളായ ഹാദി ഹസന്, ജെയിന് ജെയ്സണ്‍ എന്നിവര്‍ക്കും എസ്എഫ്ഐയുടെ യൂണിയന് ഭാരവാഹികളായ സി.എം. ആഷിഖ്, കെ.പി. അഭിലാഷ്, വനിതാ പ്രതിനിധി ജയലക്ഷമി അജയകുമാര്‍, പ്രവര്‍ത്തക പി.കെ. ജാസ്മിന് എന്നിവര്‍ക്കും എന്നിവര്‍ക്കും പരിക്കേറ്റു. ഇതില്‍ ഹാദി, ജെയിന്, ആന്റണി, ആഷിക് എന്നിവരുടെ തലയില്‍ സാരമായ മുറിവുണ്ട്.
കെഎസ്യു പ്രവര്‍ത്തകരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും എസ്എഫ്ഐ പ്രവര്‍ത്തകരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്നു കാന്പസില് പോലീസ് കനത്ത സുരക്ഷയേര്‍പ്പെടുത്തി. തങ്ങളുടെ പരിപാടിക്കിടയില്‍ വന്ന് എസ്എഫ്ഐക്കാര്‍ മനഃപൂര്‍വം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നു കെഎസ്യു ആരോപിച്ചു.
മഹാരാജാസ് കോളജില്നിന്നുള്പ്പെടെ പുറത്തുനിന്നു വിദ്യാര്‍ഥികളല്ലാത്തവരെ ഇറക്കിയിരുന്നുവെന്നും കെഎസ്യു ഭാരവാഹികള്‍ പറഞ്ഞു. ചെറിയതോതിലുള്ള സംഘര്‍ഷത്തിനുശേഷം കെഎസ്യുക്കാര് കന്പും വടിയുമായി വന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ആരോപണം.
കോളജിലെ സംഘര്‍ഷത്തിനുശേഷം ജനറല്‍ ആശുപത്രി പരിസരത്തുണ്ടായ തുടര്‍ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്.
ഇരു വിഭാഗത്തിലെയും പത്തിലേറെ പേര്‍ക്കെതിരേയാണു കേസെടുത്തിട്ടുള്ളത്. സംഘര്‍ഷത്തെതുടര്‍ന്ന് ലോ കോളജും ഹോസ്റ്റലും 24 വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.